വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ബാങ്കുകളിൽ നിന്നും വീണ്ടും നോട്ടിസ് വരുന്നെന്ന് പരാതി. വാടക വീടുകളിൽ കഴിയുന്നവർക്കാണ് വിവിധ ബാങ്കുകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ നോട്ടിസ് എത്തിയത്. അതേ സമയം ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്ന ആവശ്യം നാലു മാസമായിട്ടും എവിടെയും എത്തിയില്ല.
ബാങ്ക് വായ്പകൾക്ക് ഒരു വർഷത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ദുരന്ത ബാധിതരുടെ ആശങ്ക ഒഴിഞ്ഞിരുന്നില്ല. അതിനിടയിലാണ് പലർക്കും ബാങ്കിൽ നിന്ന് കഴിഞ്ഞ ദിവസം മുതൽ നോട്ടിസ് വന്നു തുടങ്ങിയത്. ഉടൻ ബാങ്കിലെത്തണം എന്നറിയിച്ചായിരുന്നു നോട്ടിസ്. മൂന്നു വാർഡുകളിലായി 35 കോടിയോളം ബാധ്യതയാണ് ദുരന്ത ബാധിതർക്കുള്ളത്. വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് നടന്ന ബാങ്കേഴ്സ് സമിതി യോഗത്തിലടക്കം പ്രതീക്ഷ വെച്ചെങ്കിലും പൂർണ ആശ്വാസമായിരുന്നില്ല. നിലവിൽ പുനരധിവാസമോ ജോലിയോ ലഭ്യമാകാത്ത സാഹചര്യത്തിൽ നോട്ടിസ് വരുന്നത് തന്നെ ഓരോരുത്തരിലും അങ്കലാപ്പ് ഉണ്ടാക്കുന്നുണ്ട്.
നേരത്തേ ദുരന്ത ബാധിതരോട് വായ്പ തിരിച്ചടവ് ആവശ്യപ്പെട്ട ബാങ്കുകളിലേക്ക് യുവജന സംഘടനകളുടെ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. വീണ്ടും നോട്ടിസ് വന്നതോടെ കൽപ്പറ്റയിലെ ലീഡ് ബാങ്കിലേക്ക് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്.