TOPICS COVERED

മെക് സെവൻ വിവാദത്തിൽ പ്രതിഷേധിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി പാർട്ടി വിട്ടു. കോഴിക്കോട് നടുവണ്ണൂർ  ബ്രാഞ്ച് സെക്രട്ടറിയായ അക്ബർ അലിയാണ്  സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നത്. ന്യൂനപക്ഷങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്ന സമീപനമാണ് സിപിഎമ്മിന് എന്ന് അക്ബർ അലി ആരോപിച്ചു. വിഷയത്തിൽ പ്രതികരിക്കാൻ സിപിഎം തയ്യാറായില്ല.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പ്രഭാത വ്യായാമ കൂട്ടായ്മയായ  മെക് 7 ന് പിന്നിൽ തീവ്രവാദ ശക്തികൾ ഉണ്ടെന്ന കടുത്ത ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ  വിവാദമായതോടെ  മലക്കം മറിഞ്ഞിരുന്നു.  തീവ്രവാദ ശക്തികൾ നുഴഞ്ഞുകയറാൻ സാധ്യതയുണ്ട് എന്ന മുന്നറിയിപ്പ് നൽകാനാണ് ഉദ്ദേശിച്ചത് എന്നു പറഞ്ഞ് പി മോഹനൻ നിലപാട് മയപ്പെടുത്തിയെങ്കിലും ന്യൂനപക്ഷങ്ങളോടുള്ള പാർട്ടി നിലപാടാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത് എന്ന് ആരോപിച്ചാണ് നടുവണ്ണൂർ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അക്ബർ അലി പാർട്ടി വിട്ടത്. ബാലുശ്ശേരി മുൻ ഏരിയ സെക്രട്ടറിയായ അക്ബറലി നടുവണ്ണൂർ  സിയാഡ്കോ  സഹകരണ ബാങ്കിന്റെ പ്രസിഡന്റ് കൂടിയാണ്. 

സിപിഎമ്മിന്റെ പൊള്ളത്തരത്തിൽ വഞ്ചിതരായ നൂറുകണക്കിന് പ്രവർത്തകർ നിരാശരാണെന്നും അക്ബറലിക്ക് പിന്നാലെ  അവരും കോൺഗ്രസിൽ എത്തുമെന്നും  ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സിപിഎം തയ്യാറായില്ല. അക്ബർ അലി പാർട്ടി വിടാൻ ഉണ്ടായ കാരണം അന്വേഷിക്കട്ടെ എന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ അറിയിച്ചു. അതിനിടെ മെക് 7 ന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി രംഗത്തെത്തി. മലപ്പുറം ചേളാരിയിൽ  നടന്ന വ്യായാമ കൂട്ടായ്മയിൽ അബിൻ വർക്കി പങ്കെടുത്തു.