ടയറിന്‍റെ ഭാഗങ്ങള്‍ റണ്‍വേയില്‍ കണ്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആണ് സംഭവം. കൊച്ചിയിൽനിന്ന് ബഹ്റൈനിലേക്ക് പോയ വിമാനമാണു നിലത്തിറക്കിയത്. രാവിലെ 10.45നാണ് വിമാനം പുറപ്പെട്ടത്. 104 യാത്രക്കാരും 8 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
റൺവേയിൽ ടയറിന്‍റെ അവശിഷ്ടം കണ്ടതിനെ തുടർന്ന് അധികൃതര്‍ വിമാനം നിലത്തിറക്കാൻ നിർദേശിക്കുകയായിരുന്നു. വിമാനത്താവളത്തിനു ചുറ്റും പറന്ന് ഇന്ധനം ചോർത്തി കളഞ്ഞശേഷമായിരുന്നു ലാൻഡിങ്. സാങ്കേതിക വിദഗ്ധർ വിമാനം പരിശോധിച്ചു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.