വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിന് പിന്നാലെ മുൻ‍ രക്ഷാപ്രവർത്തനത്തിന്റെ പണം ആവശ്യപ്പെട്ടതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ദുരന്തത്തിന് തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു ‘മാന്ത്രിക ഓർമപ്പെടുത്തൽ’ അയച്ചത് എന്ന് കോടതി ചോദിച്ചു. രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രത്തിന് നൽകാൻ എസ്ഡിആര്‍എഫിൽ വകയിരുത്തിയിട്ടുള്ള തുക വാങ്ങുന്നത് കുറച്ചുനാൾ നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

2006 മുതൽ ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് കത്തയച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചു കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ പരാമർശങ്ങൾ. ജൂലൈ 30നാണ് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടാകുന്നത്. 2016, 2017 വര്‍ഷങ്ങളിലെ കൂടി എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ ഓർമപ്പെടുത്തി ഒക്ടോബർ 22നാണ് കത്തയച്ചിരിക്കുന്നത്. ഉരുൾപ്പൊട്ടലിന് തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു ‘മാന്ത്രിക ഓർമപ്പെടുത്തൽ’ അയച്ചത് എന്നും കോടതി വാക്കാൽ ചോദിച്ചു. സഹായ ആവശ്യം മുന്നിലുള്ളപ്പോൾ കേന്ദ്രസർക്കാർ ഇത്തരമൊരു കത്തയച്ചത് അദ്ഭുതപ്പെടുത്തുന്നുവെന്നും കോടതി പറഞ്ഞു. 

രക്ഷാപ്രവർത്തനം നടത്തിയതിന് കേന്ദ്രത്തിന് നൽകാൻ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ തുക വകയിരുത്തിയിട്ടുണ്ട്. ഈ തുക വാങ്ങുന്നത് കുറച്ചുനാൾ നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കാൻ കോടതി നിർദേശിച്ചു. 132.62 കോടി ചൂരൽമല ഉരുൾപൊട്ടലിന് മുൻപ് വരെയുള്ള 120 കോടി രൂപ കേരളം നൽകുന്നത് തത്കാലത്തേക്ക് നീട്ടിവയ്ക്കുന്നത് അനുവദിക്കാമോ എന്നാണ് കേന്ദ്രം അറിയിക്കേണ്ടത്. ദുരന്ത നിവാരണ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കാനും കോടതി നിർദേശിച്ചു. 

സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലെ കണക്കുകൾ വ്യക്തമാക്കിക്കൊണ്ട് കേന്ദ്രസർക്കാരി അയക്കാനുള്ള കത്ത് സംസ്ഥാന സർക്കാർ കോടതിയിൽ ഹാജരാക്കി. കത്ത് ഇന്ന് തന്നെ കേന്ദ്രത്തിനയക്കാൻ കോടതി നിർദേശിച്ചു. വിഷയം അടുത്തമാസം പത്തിന് കോടതി വീണ്ടും പരിഗണിക്കും.

ENGLISH SUMMARY:

Demand for money for previous rescue operation; High Court against the Center