flexboards-hc

പാതയോരത്ത് അനധികൃത ബോർഡ് സ്ഥാപിക്കുന്നവർക്കെതിരെ പിഴ ഈടാക്കിയില്ലെങ്കിൽ, അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽ നിന്ന് പണം ഈടാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്.  സംസ്ഥാനത്ത്, ഒരാഴ്ചയ്ക്കുള്ളിൽ 95 ലക്ഷം രൂപ പിഴ ചുമത്തിയെന്ന് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. അനധികൃത ഫ്ലക്സുകളും ബോർഡുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്തതിന് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. 

അനധികൃത ബോർഡുകളും മറ്റും നീക്കം ചെയ്യാൻ കോടതി അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിച്ചിരുന്നു. വിഷയം പരിഗണിച്ചപ്പോൾ ഇതൊരു ദൗത്യമായി കണ്ട് സർക്കാർ മികച്ച രീതിയിൽ നടപടിയെടുത്തു എന്ന് അമിക്കസ് ക്യൂറി അറിയിച്ചു. സർക്കാർ ദൗത്യത്തെ അഭിനന്ദിച്ച കോടതി ഇത് തുടരണമെന്നും, നടപടിയിൽ വെള്ളം ചേർക്കരുതെന്നും നിർദ്ദേശിച്ചു. 

 

അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡിസംബർ 10നും 12നും രണ്ട് സർക്കുലറുകൾ പുറത്തിറക്കിയെന്ന് ഓൺലൈനിൽ ഹാജരായ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അറിയിച്ചു. കോടതി ഉത്തരവ് വന്ന് ഒരാഴ്ചയ്ക്കുള്ളിൽ ആകെ 95,000ത്തിലധികം അനധികൃത ബോർ‍ഡുകളും മറ്റും പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്തു. പിഴയായി 95 ലക്ഷം രൂപ ചുമത്തി. ഇതിൽ 14 ലക്ഷം രൂപ ഇതിനകം ലഭിച്ചെന്നും അവർ അറിയിച്ചു. എന്നാൽ കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ 100 കോടി രൂപ സർക്കാരിന് മുന്നിലെത്തിയേനെ എന്ന് കോടതി പറഞ്ഞു. ബോർഡുകൾ സ്ഥാപിച്ചവർ തന്നെ അത് നീക്കം ചെയ്ത് നശിപ്പിക്കുന്നതാകും നല്ലതെന്നും, എന്തിനാണ് ആ ഭാരം ഏറ്റെടുക്കുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. 

അനധികൃതമായി ആരും ബോർഡ് വയ്ക്കുന്നില്ലെന്ന് എല്ലാ ദിവസവും സർക്കാർ ഉറപ്പുവരുത്തണം. ഓരോ ബോർഡിനും 5000 രൂപ വീതം പിഴ ചുമത്തണം. പിഴ ചുമത്തിയില്ലെങ്കിൽ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരിൽ നിന്നും ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അനധികൃത ബോർഡുകൾ നീക്കം ചെയ്യാനുള്ള ഉത്തരവിന്‍റെ പേരിൽ ജഡ്ജിമാരെ ചീത്ത വിളിക്കാനും അപഹസിക്കാനും ചില രാഷ്ട്രീയ പാർട്ടി പ്രവർത്തകർ ശ്രമിക്കുന്നുണ്ടെന്നും, ഒരാളെ പോലെ വെറുതെ വിടില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. 

ENGLISH SUMMARY:

The High Court has warned that if fines are not levied against those who put up illegal boards on the roadside, the money will be collected from the respective local body secretaries