സി.എം.ആര്‍.എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും പണം നല്‍കിയതായി സംശയമെന്ന് എസ്.എഫ്.ഐ.ഒ. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും എസ്.എഫ്.ഐ.ഒ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചു. എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്.എഫ്.ഐ.ഒ ആരോപിച്ചു.
എക്സാലോജിക്കുമായുള്ള ഇടപാടിലെ അന്വേഷണത്തിനെതിരെ സി.എം.ആര്‍.എല്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒയുടെ ഗുരുതര വെളിപ്പെടുത്തല്‍. കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ 184 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെ പലര്‍ക്കായി നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവരുമുള്ളതായി സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും എസ്.എഫ്.ഐ.ഒ അഭിഭാഷകന്‍ പറഞ്ഞു. വിവരം എന്‍.ഐ.എ അറിയിച്ചോ എന്ന് കോടതി ചോദിച്ചു.
രാജ്യവിരുദ്ധ പ്രവര്‍ത്തനമുണ്ടെന്ന് സ്ഥിരീകരണമായാല്‍ ബന്ധപ്പെട്ട ഏജന്‍സികളെ അറിയിക്കുമെന്നുമെന്ന് എസ്.എഫ്.ഐ.ഒയുടെ മറുപടി. സി.എം.ആര്‍.എല്‍നെതിരായ അന്വേഷണം സാമ്പത്തിക ക്രമക്കേട്, അഴിമതി ആരോപണം എന്ന തലത്തില്‍ നിന്ന് ഭീകരപ്രവര്‍ത്തനത്തിന്‍റെ പരിധിയിലേക്ക് മാറാനുള്ള സാധ്യതയിലേക്കാണ് എന്‍.ഐ.എ വിരല്‍ ചൂണ്ടിയത്. എക്സാലോജിക്കിന് സി.എം.ആര്‍.എല്‍ പണം നല്‍കിയത് പ്രമുഖ രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോയെന്ന് സംശയമുണ്ടെന്നും എസ്.എഫ്.ഐ.ഒ അഭിഭാഷകന്‍ ആരോപിച്ചു.
ഒരു സേവനവും കൈപ്പറ്റാതെയാണ് എക്സാലോജികിന് പണം നല്‍കിയതെന്ന് സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. പണം നല്‍കുന്നതെന്തിനാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നു പറഞ്ഞ അഭിഭാഷകന്‍ ഇടപാടിനെ കാലിത്തീറ്റ കുംഭകോണകേസിനോടാണ് ഉപമിച്ചത്. സി.എം.ആര്‍.എല്‍-എക്സാലോജിക് ഇടപാടില്‍ വസ്തുതാന്വേഷണം പൂര്‍ത്തിയാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ടു നല്‍കി. കേസെടുക്കണമോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രമാണ്. ആവശ്യമെങ്കില്‍ കോടതിയിലും അന്വേഷണ റിപ്പോര്‍ട്ട് നല്‍കാമെന്നും അഭിഭാഷകന്‍ അറിയിച്ചു. ഹര്‍ജിയില്‍ ഈ മാസം 23ന് തുടര്‍വാദം കേള്‍ക്കും.