കോഴിക്കോട് പരസ്യ ചിത്രീകരണത്തിനിടെ യുവാവ് മരിക്കാനിടയായ കാറിന്‍റെ ഉടമയെ നാട്ടിലെത്തിക്കാനാവാതെ പൊലീസ്. ഹൈദരബാദ് സ്വദേശി അശ്വിനെ അപകട വിവരം അറിയിക്കാന്‍ ശ്രമം നടത്തിയെങ്കിലും മറുപടി ലഭിച്ചില്ല. രണ്ടു വര്‍ഷം മുന്‍പ് കേസിലെ പ്രതി സാബിദിന്‍റെ സുഹൃത്താണ് രേഖകള്‍ ഒന്നും മാറ്റാതെ അശ്വിനില്‍ നിന്ന് ആഡംബര കാര്‍ വാങ്ങിയത്. വില 2 കോടി 40 ലക്ഷം.
ആല്‍വിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള വാഹനം തിരിച്ച് എടുക്കണമെങ്കില്‍ ആര്‍.സി ബുക്കിന്‍റെ ഉടമയായ അശ്വിന്‍ കോടതിയിലെത്തി പണം അടയ്ക്കണം. ആല്‍വിന്‍റെ മരണത്തില്‍ സാബിദിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ വകുപ്പാണ് ചുമത്തിയത്. ലൈസന്‍സും റദ്ദാക്കിയിരുന്നു. സാബിദിന്‍റെ സുഹ്യത്ത് ഇടശ്ശേരി സ്വദേശി മുഹമ്മദ് റബീസും കേസില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ വാഹന ഉടമയെ തേടി വെള്ളയില്‍ പൊലീസ് കുഴയുകയാണ്.
ഇ മെയില്‍ മുഖാന്തരവും ഫോണ്‍ വഴിയും അശ്വിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഇനി ഹൈദരബാദില്‍ നേരിട്ടെത്തി അശ്വിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആല്‍വിന്‍റെ മരണത്തിന് ഇടയാക്കിയ ആഡംബര കാര്‍ ഏഴ് തവണ കേരളത്തില്‍ വച്ച് ഗതാഗത നിയമം ലംഘിച്ചതായും പൊലീസ് പരിശോധനയില്‍ കണ്ടെത്തി.
കഴിഞ്ഞ 10 ന് രാവിലെയാണ് രണ്ടു വാഹനങ്ങളുടെ വീഡീയോ ചിത്രീകരണത്തിനിടെ അതിലൊന്ന് നിയന്ത്രണം വിട്ട് ആല്‍വിനെ ഇടിച്ചു തെറിപ്പിച്ചത്.