മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ കരട് പട്ടിക പോലും തയാറായില്ല. പട്ടിക ഉടൻ പൂർത്തിയാക്കി പ്രസിദ്ധീകരിക്കാൻ സബ് കലക്ടറെ ഒരു മാസം മുമ്പ് ചുമതലപ്പെടുത്തിയെങ്കിലും കാലതാമസമുണ്ടാകുന്നുവെന്നാണ് പരാതി. നടപടി വേഗത്തിലാക്കാൻ ഇടപെടേണ്ട മന്ത്രിമാരാകട്ടെ സന്നദ്ധപ്രവർത്തകർ നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടാൻ മാത്രമാണ് വയനാട്ടിൽ വരുന്നെന്ന് ടി.സിദ്ദീഖ് എം.എൽ.എ കുറ്റപ്പെടുത്തി..

ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് ആദ്യ ഘട്ടത്തിൽ പരിഗണിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കാൻ നവംബർ 26 നാണ് ഉത്തരവിറങ്ങിയത്. പത്തു ദിവസത്തിനകം പട്ടിക തയ്യാറാക്കി പുറത്തിറക്കാൻ മാനന്തവാടി സബ് കലക്ടറെ ചുമതലപ്പെടുത്തിയായിരുന്നു ഉത്തരവ്. എന്നാൽ ഉത്തരവ് ഇറങ്ങി നാലാഴ്ചയായിട്ടും കരട് പട്ടിക പുറത്തിറക്കിയില്ല. പ്രാഥമിക നടപടി പൂർത്തിയാക്കുന്നതിൽ പോലും കാലതാമസം വരുന്നെന്നാണ് പരാതി. ഇത് പുനരധിവാസ നടപടിക്കും കാലതാമസം വരുത്തും. 

വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചെന്നും നടപടി വേഗത്തിലാക്കാൻ ഇടപെടലുണ്ടാകുന്നില്ലെന്നും സ്ഥലം എം.എൽ.എ ടി.സിദ്ദീഖ് മനോരമ ന്യൂസിനോട് പറഞ്ഞു. ആഗസ്റ്റ് മാസത്തോടെ ചുരമിറങ്ങിയ മന്ത്രിസഭാ ഉപസമിതി പിന്നെ വയനാട്ടിലെത്തിയില്ലെന്നും സിദ്ദീഖ്

പട്ടിക പ്രസിദ്ധീകരിച്ചിട്ടു വേണം പരാതികൾ സ്വീകരിക്കാൻ. പിന്നീട് ആക്ഷേപങ്ങൾ പരിഗണിച്ചു ചർച്ച ചെയ്യണം. തിരുത്തലുകൾ വേണമെങ്കിൽ പിന്നെയും ചർച്ച ചെയ്യണം. അങ്ങനെയെങ്കിൽ ഉപഭോക്തൃ പട്ടിക പൂർത്തിയാകണമെങ്കിൽ വരെ മാസങ്ങളെടുക്കുമെന്ന സ്ഥിതിയായി. ആശങ്ക പരിഹരിച്ച് നടപടി വേഗത്തിലാക്കണമെന്നാണ് ആവശ്യം...

ENGLISH SUMMARY:

Even the draft rehabilitation list of Mundakai-Churalmala landslide disaster victims was not ready