കാനനപാതയിലൂടെ ശബരിമലയിൽ എത്തുന്ന തീർഥാടകർക്ക് ദർശനത്തിനായി പ്രത്യേക സൗകര്യം നടപ്പിലാക്കി ദേവസ്വം ബോർഡ്. വനംവകുപ്പിൽനിന്ന് ടാഗ് സ്വീകരിച്ചാണ് പ്രത്യേക വരിയിലൂടെയുള്ള ദർശനം. പുല്ലുമേട്,എരുമേലി വഴികളിലൂടെ കിലോമീറ്ററുകൾ കാൽനടയായി എത്തുന്ന ഭക്തർക്കായാണ് പുതിയ സൗകര്യം.
എരുമേലി കാനനപാതയിലൂടെ സന്നിധാനത്ത് എത്താൻ നാൽപ്പത് കിലോമീറ്ററോളമാണ് കാൽനടയാത്ര. പുല്ലുമേട് വഴി പതിനെട്ട് കിലോമീറ്റർ. അതികഠിനമായ യാത്രയ്ക്കൊടുവിൽ സന്നിധാനത്ത് എത്തുമ്പോൾ ക്യൂ കോംപ്ലക്സുകളിലും നടപ്പന്തലിലും നീണ്ട നിര. ഇതായിരുന്നു ഇന്നലെവരെയുള്ള കാഴ്ച. ഒടുവിൽ തീർഥാടകരുടെ ദുരിതത്തിന് പരിഹാരം.
മരക്കൂട്ടത്ത് വച്ച് ശരംകുത്തി വഴി ഒഴിവാക്കി തീർഥാടകർക്ക് ചന്ദ്രാനന്ദൻ റോഡ് വഴി ഇനി സന്നിധാനത്ത് പ്രവേശിക്കാം. നടപ്പന്തലിലെ പ്രത്യേക വരിയിലൂടെ കടന്ന് തിരുമുറ്റത്ത് എത്തി ദർശനം നടത്താം. തീർഥാടകർക്ക് ആശ്വാസമാവുന്നതോടൊപ്പം തിരക്ക് നിയന്ത്രിക്കാനും പുതിയ സൗകര്യം സഹായിക്കുമെന്നാണ് പ്രതീക്ഷ.