ആനപ്പേടിയിൽ എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിൽ നിന്ന് കൂട്ടപ്പലായനം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വീടുകൾ ഉപേക്ഷിച്ചു പോയത് 40ലധികം കുടുംബങ്ങൾ. കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചതോടെ ഉപജീവനമാർഗ്ഗം തേടിയും പലായനം തുടരുന്നു. കാട്ടിൽനിന്ന് പറമ്പിലേക്ക് എത്തിയ കാട്ടാന പിന്നെ വീട്ടുമുറ്റത്തെത്തി, ഉമ്മറത്തെത്തി. നാൾക്കുനാൾ കരിവീരന്മാരുടെ എണ്ണവും കൂടി.
ഒരുകാലത്ത്, യഥേഷ്ടം തേങ്ങ ആലുവയിലേക്ക് കയറ്റി അയക്കുമായിരുന്നു പൂയംകുട്ടിയിൽ നിന്ന്. കൊക്കോയും, വാഴയും കമുങ്ങും മത്സരിച്ചു വളർന്നു നിന്ന ഭൂമി. മനുഷ്യൻ നട്ടുനനച്ചുണ്ടാക്കുന്നതിന്റെ രുചി രസിച്ച് വന്യമൃഗങ്ങൾ എത്തിയതോടെ പറമ്പുകൾ മുടിഞ്ഞടങ്ങി. ആരും വെള്ളം ഒഴിക്കാൻ ഇല്ലെന്ന സങ്കടത്തിന്റെ എരിവോടെ അടുക്കളത്തോട്ടത്തിൽ കാന്താരി മാത്രം നിൽപ്പുണ്ട്.
കാട്ടാനയോട് മല്ലിടാൻ നിൽക്കാതെ മലയിറങ്ങുകയായി, ഇവിടുത്തെ പുതിയ തലമുറ. വൈകുന്നേരങ്ങളിൽ സൊറ പറഞ്ഞിരിക്കാൻ പോലും നാട്ടിൽ കൂട്ടില്ലെന്നു പരിഭവിക്കുന്നുണ്ട്, തല മൂത്തവർ.
ഉപേക്ഷിക്കപ്പെട്ട പുരിയിടങ്ങൾ കാടായി. ദ്രവിച്ചുപോയ വാതിലുകൾക്കുള്ളിൽ കൂട്ടിയിട്ട തുണികളും പാത്രങ്ങളും, പലായനത്തിന്റെ ഭീകരത പറയുന്നുണ്ട്. മുന്നൊരുക്കങ്ങൾ ഒന്നും കൂടാതെ, യാത്ര പറച്ചിലുകൾ ഒന്നും കൂടാതെ ഒറ്റരാത്രിയിൽ ചിന്നി ചിതറേണ്ടി വന്ന കുടുംബങ്ങളുടെ വേദന പറയുന്നുണ്ട്.