ലുലു ഗ്രൂപ്പിലേക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയ എഴുപതുകാരനെ കേരളം മറന്നുകാണില്ല. നീണ്ടുനിവര്‍ന്നു കിടന്ന വരിയില്‍ യാതൊരു മടുപ്പും കൂടാതെ ‘ജോലി കിട്ടിയാൽ അത് ഭാഗ്യമാണ്. വിളിച്ചാൽ പോകും’ എന്നു പറഞ്ഞ് കാത്തുനിന്ന അദ്ദേഹത്തെ ‘ഭാഗ്യം’ തുണച്ചു. റഷീദ് എന്ന ആ മനുഷ്യന് ലുലുവില്‍ ജോലി ലഭിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫ് അലി റഷീദിനെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ വൈറലാണ്.
ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചാണ് യൂസഫ് അലി റഷീദിന്റെ അടുത്തേക്ക് എത്തുന്നത്. ഇവിടെ ഒരു പ്രയാസവുമില്ലെന്ന് റഷീദിന്‍റെ മറുപടി. 'നമ്മൾക്ക് ജോലി ചെയ്യാൻ സാധിക്കുന്നിടത്തോളം കാലം ജോലി ചെയ്യണം. നമുക്ക് ബാങ്ക് ബാലൻസ് ഉണ്ടെങ്കിൽ തന്നെ അതല്ല നോക്കേണ്ടത്. നമ്മുടെ ശരീരത്തിനും മനസിനെയും മുന്നോട്ടുകൊണ്ടു പോകണമെങ്കിൽ നമ്മൾ ജോലി ചെയ്യണം. ഒരുപക്ഷേ മക്കളടക്കമുള്ളവരിൽ നിന്ന് നിങ്ങൾക്ക് സഹായമുണ്ടാകും. പക്ഷേ, ഇതൊരു ആക്ടിവിറ്റിയാണ്.
ഒരിക്കൽ ഒരാൾ എന്നോട് ചോദിച്ചു. റിട്ടയർമെന്റ് എപ്പോഴാണെന്ന്, ഞാൻ മറുപടി പറഞ്ഞത് റിട്ടയർമെന്റ് ടു ഖബർ എന്നാണ്. അതല്ലേ അതിന്റെ ശരി. പിന്നെ എല്ലാം അവൻ നിശ്ചയിച്ചിട്ടുണ്ട്. നമ്മുടെ ആരോഗ്യം എത്രത്തോളമുണ്ടെന്ന്. നമ്മൾക്ക് അത്രത്തോളം ജീവിക്കാൻ പറ്റുമെന്ന്' എന്നാണ് യൂസഫ് അലി റഷീദിനോട് പറഞ്ഞത്.
അഭിമുഖത്തിനു വന്ന എഴുപതുകാരനെ കണ്ട് ആദ്യം അവിടെ എത്തിയ ഉദ്യോഗാർഥികളുടെ മനസ്സിലും ഈ പ്രായത്തിൽ ഇദ്ദേഹം എന്തിനാണ് ജോലി അന്വേഷിക്കുന്നതെന്നു തോന്നി. ചിലര്‍ അത് അദ്ദേഹത്തോട് നേരിട്ട് ചോദിക്കുകയും ചെയ്തു. ‘പത്തു പൈസ കയ്യില്‍ വേണം, നന്നായി ജോലി എടുക്കണം ഇനിയും ജോലി ചെയ്യാനുള്ള മനസാണ് എനിക്ക്’ എന്നായിരുന്നു അദ്ദേഹം ആ ചോദ്യത്തിന് നല്‍കിയ മറുപടി. 37 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷവും ജോലി ചെയ്തു ജീവിക്കാനുള്ള ആഗ്രഹവും പേറി ആ വലിയ നിരയില്‍ നിന്ന അദ്ദേഹത്തെ സൈബറിടം പുകഴ്ത്തി.
അയ്യായിരത്തിലധികം യുവാക്കൾ വന്നിടത്ത് 70 കഴിഞ്ഞ ആ വല്യപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ ആത്മവിശ്വാസം, അത് മതി ജീവിതത്തിൽ ജയിക്കാനെന്ന് പറഞ്ഞാണ് സമൂഹമാധ്യമത്തിൽ റഷീദിനെ പ്രകീർത്തിച്ചുകൊണ്ടുള്ള കുറിപ്പുകൾ എത്തിയത്. ‘ഇന്നലെ ലുലുവിൽ ജോലി തേടി വന്ന വലിയപ്പച്ചൻ . അദ്ദേഹം തന്റെ ഒരായുസ്സ് മുഴുവൻ പ്രവാസിയായിരുന്നു. നാട്ടിൽ വന്നപ്പോൾ തനിക്ക് വെറുതെ ഇരിക്കുവാൻ കഴിയുന്നില്ല. അദ്ദേഹത്തെ ആ ഗ്രൂപ്പ് ജോലിക്ക് സെലക്ട് ചെയ്തതായി പറഞ്ഞു.
പ്രിയപ്പെട്ടവരെ പ്രായം ഒരു നമ്പർ മാത്രമാണ്. എന്നെ ഞെട്ടിച്ചത് വേറൊന്നുമല്ല ,5000 പേരിലധികം യുവാക്കൾ വന്നടത്ത് 70 കഴിഞ്ഞ ആ വലിയപ്പച്ചൻ വന്നു നിൽക്കാൻ കാണിച്ച ആ കോൺഫിഡൻസ് . അത് മതി ജീവിതത്തിൽ ജയിക്കാൻ നമ്മളെക്കാൾ ചെറുതായ മനുഷ്യരോട് കലഹിച്ചു ജീവിതം തീർക്കാതെ വലിയവരുടെ ലോകത്തേക്ക് നടന്നു ചെല്ല്,എന്നിട്ട് അവര് കണ്ട വലിയ സ്വപ്നങ്ങളുടെ ഭാഗമാവുക. ഒന്നും അസാധ്യമല്ല’ എന്നായിരുന്നു വൈറലായ കുറിപ്പിലുണ്ടായിരുന്നത്.