TOPICS COVERED

ആയുസിന്റെ ബലം അല്ലാതെന്താ പറയാ....ആളുകള്‍ ശ്വാസം അടക്കിപ്പിടിച്ചുകണ്ട ആ വിഡിയോയിലെ താരം പവിത്രന്റെ ആശ്വാസവാക്കാണിത്. ട്രെയിന്‍ വരുന്നത് കണ്ടില്ലായിരുന്നു. സ്ഥിരമായി നടന്നുവരുന്ന വഴിയാണ്, മൊബൈല്‍ നോക്കി നടക്കുകയായിരുന്നു, പെട്ടെന്നാണ് മുന്‍പില്‍ ട്രെയിന്‍ വരുന്നത് കണ്ടത്. ആകെ ഞെട്ടിത്തരിച്ചുപോയി, പിന്നാലെ ഫോണൊക്കെ തറയിലിട്ട് ശ്വാസം വിടാതെ പാളത്തില്‍ അമര്‍ന്നങ്ങു കിടന്നു. ട്രയിനിനടിയില്‍ കിടന്നു രക്ഷപ്പെട്ട അനുഭവം പറയുകയാണ് പവിത്രന്‍.

Read Also: ‘വിഡിയോ കണ്ടപ്പോള്‍ പേടിച്ചുപോയി, അത്രയും പേടി ട്രെയിനിനടിയില്‍ കിടന്നപ്പോഴില്ലായിരുന്നു’

ആളുകള്‍ പറയുന്ന പോലെ മദ്യപിച്ചിട്ടൊന്നുമില്ല, പാളത്തില്‍ കിടന്നപ്പോള്‍ രക്ഷപ്പെടും എന്നുറപ്പായിരുന്നു, എഞ്ചിന്‍ ഭാഗമൊന്നും തട്ടില്ലെന്ന് അറിയാമായിരുന്നു, വിഡിയോ കണ്ടപ്പോള്‍ പേടിച്ചുപോയി, അത്രയും പേടി ട്രെയിനിനടിയില്‍ കിടന്നപ്പോള്‍ ഇല്ലായിരുന്നെന്നും പവിത്രന്‍ പറയുന്നു. ഒരുതവണ പേടിച്ചതുകൊണ്ട് ഇനിയിപ്പോള്‍ റെയില്‍പാളത്തിലൂടെ നടക്കാന്‍ പേടിയാകും. മക്കളെയൊക്കെ കാണാനുള്ള ഭാഗ്യമുണ്ട്, അതുകൊണ്ടു രക്ഷപ്പെട്ടു എന്നാണ് പവിത്രനു പറയാനുള്ളത്.

കണ്ണൂർ പന്നേൻപാറയിൽ ആണ്  ട്രെയിനിനടിയിൽ നിന്ന് പവിത്രന്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്. ട്രെയിൻ വരുന്നത് കണ്ട് റെയിൽവേ ട്രാക്കിൽ കമിഴ്ന്നു കിടന്ന്  ട്രെയിൻ കടന്നുപോയിട്ടും  പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ചിറയ്ക്കൽ സ്വദേശിയാണ് പവിത്രന്‍. ഇന്നലെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. 

 ആ കാഴ്ച കണ്ടപ്പോഴുണ്ടായ ഞെട്ടല്‍ ഇനിയും മാറിയില്ലെന്ന് ദൃക്സാക്ഷി ശ്രീജിത്ത് മനോരമന്യൂസിനോട് പറഞ്ഞു.  ട്രെയിനിന്റെ ഹോൺ കേട്ടപ്പോഴാണ് പാളത്തിലൂടെ നടക്കുകയായിരുന്നയാൾ നിലത്തു കിടന്നതെന്ന് ശ്രീജിത്തും വ്യക്തമാക്കുന്നു. ശ്രീജിത്താണ് പവിത്രന്‍  ട്രെയിനിനടിയില്‍ പെട്ടുപോയതിന്റെ  ദൃശ്യങ്ങൾ പകർത്തിയത് .

ENGLISH SUMMARY: