TOPICS COVERED

വയനാട് ബത്തേരി കല്ലൂരിൽ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയ രാജുവിന്‍റെ നാട്ടിലും വാക്ക് തെറ്റിച്ച് വനം വകുപ്പ്. രാജുവിന്റെ മകന് ജോലി നൽകുമെന്ന ഉറപ്പും റോഡ് ടാർ ചെയ്യാമെന്ന ഉറപ്പും പാലിച്ചില്ല. ഫെൻസിങ് കാര്യക്ഷമക്കത്തതിനാൽ കഴിഞ്ഞ ദിവസവും ആനയെത്തിയെന്ന് പ്രദേശവാസികൾ മനോരമ ന്യൂസിനോട് പറഞ്ഞു. മന്ത്രി ഒ.ആർ കേളു നേരിട്ടെത്തി കുടുംബത്തിന് നൽകിയ ഉറപ്പുകളാണ് മാസങ്ങളായിട്ടും പാലിക്കാത്തത്.

കഴിഞ്ഞ ജൂലൈ 16 നാണ് മാറോടിലെ രാജുവിനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്. വയലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ പെടുന്നനേ ആന ആക്രമിക്കുകയായിരുന്നു. മരണത്തിനു പിന്നാലെ വലിയ പ്രതിഷേധമുണ്ടായി. നാല് മണിക്കൂർ ദേശീയ പാത ഉപരോധിച്ചു. വനം വകുപ്പും മന്ത്രി ഒ. ആർ കേളുവും നൽകിയ ഉറപ്പിലാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്. രാജുവിന്റെ മക്കൾക്ക് വിദ്യഭ്യാസം നൽകും. രാജുവിന്റെ ഊരിലേക്കുള്ള റോഡ് നിർമിക്കും, ഫെൻസിങ് കാര്യക്ഷമമാക്കും, കാട്ടാനയാക്രമണത്തിൽ പരുക്കേറ്റ് തളർന്ന രാജുവിന്റെ സഹോദര പുത്രന് സാമ്പത്തിക സഹായം നൽകും അങ്ങനെ നിരവധി വാക്കുകൾ. എന്നാൽ മാസങ്ങളായിട്ടും അവയൊന്നും പാലിച്ചില്ല. നഷ്ടപരിഹാരത്തുകയൊഴിച്ചു മറ്റൊന്നും കുടുംബത്തിന് നൽകിയില്ല. കാട്ടാനയാക്രമണത്തിൽ പരുക്കെറ്റ് 5 വർഷമായി കിടപ്പിലായ സഹോദര പുത്രന് നൽകാമെന്നേറ്റ തുക പോലും നാളിതുവരെയായി നൽകിയില്ല 

റോഡില്ലാത്തതിനാൽ കാട്ടാന ആക്രമിച്ച് പരിക്കറ്റ ബിജുവിനെയും രാജുവിനെയും പ്രദേശവാസികൾക്ക് ഒരു കിലോമീറ്ററോളം ചുമലിലേറ്റേണ്ടി വന്നിരുന്നു. തുടർന്നാണ് ഉടൻ നിർമ്മിക്കുമെന്ന് മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് നൽകിയത്. എന്നാൽ ആ ഉറപ്പും ലംഘിച്ചു മകന് ജോലി നൽകുമെന്ന ഉറപ്പു കൂടി നൽകിയെങ്കിലും അതും നടന്നില്ല. രാജു ഏക ആശ്രയമായിരുന്ന കുടുംബത്തിന് ഇന്ന് ദുരിതം മാത്രമാണ് ബാക്കി. ഫെൻസിങ് കാര്യക്ഷമമല്ലാത്തതിനാൽ പ്രദേശത്തേക്ക് ഇന്നലെയും ആനകളെത്തി. അതായത് ദുരിതം വിതച്ച കാട്ടാനകൾ പിന്നെയും വന്നെങ്കിലും അധികൃതരുടെ ഉറപ്പുകൾ മാത്രം ആ വഴി വന്നില്ലെന്ന്.

ENGLISH SUMMARY:

The Forest Department has gone back on its promise made to the family of Raju, who was killed in an elephant attack in Kallur, Bathery, Wayanad