കേരളത്തിൽ നിന്നുള്ള ബയോമെഡിക്കൽ വേസ്റ്റ് തിരുനെൽവേലി ജില്ലയിൽ വിവിധ ഇടങ്ങളില്‍ തള്ളിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മായാണ്ടി, മനോഹർ എന്നിവരാണ് പിടിയിലായത്. തിരുനെൽവേലി സുത്തമല്ലി പൊലീസാണ് പ്രതികളെ പിടിച്ചത്. ഇരുവരും മാലിന്യക്കടത്തിന്‍റെ പ്രധാന ഏജന്‍റുമാരാണെന്ന് പൊലീസ് പറയുന്നു. ആര്‍സിസിയിലെ കാന്‍സര്‍ രോഗികളുടെ ചികില്‍സാരേഖകളടക്കമാണ് തിരുനെല്‍വേലി നഡുകല്ലൂരിലെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചനിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. രോഗികളുടെ സ്വകാര്യ വിവരങ്ങള്‍ അഞ്ച് വര്‍ഷം സുരക്ഷിതമായി സൂക്ഷിക്കണമെന്ന നിബന്ധനയുള്ളപ്പോഴാണ് ഈ മാസം ആര്‍സിസിയിലെത്തിയവരുടേതടക്കമുള്ള വിവരണങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയത്. തമിഴ്നാട്ടിലെ ഏഴിടങ്ങളിലാണ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്.
അതിനിടെ തിരുവനന്തപുരത്തെ ആശുപത്രി മാലിന്യം തമിഴ്നാട്ടില്‍ തള്ളുന്നതില്‍ ആശുപത്രികളുടെ കച്ചവടവും നടക്കുന്നതായി കണ്ടെത്തല്‍. ബയോമെഡിക്കല്‍ മാലിന്യം ആശുപത്രികള്‍ നിബന്ധന ലംഘിച്ച് വില്‍പന നടത്തുന്നു. സാധാരണ മാലിന്യത്തിനൊപ്പം മരുന്ന് കുപ്പി, കൈയുറകള്‍, മാസ്കുകള്‍ എന്നിവ കലര്‍ത്തിയാണ് വില്‍പന. പുനഃരുപയോഗിക്കാന്‍ പാടില്ലാത്ത പ്ലാസ്റ്റിക്കാണ് പണം വാങ്ങി വില്‍ക്കുന്നത്. തിരുവനന്തപുരത്തേക്ക് പാറ കൊണ്ടുവരുന്ന ലോറികളിലാണ് തിരികെ മാലിന്യക്കടത്തെന്ന് നാട്ടുകാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
സംസ്ഥാനത്ത് ബയോ മെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കാൻ ലൈസൻസുള്ളത് രണ്ട് സ്ഥാപനങ്ങൾക്ക് മാത്രമാണ്. ശരീര അവശിഷ്ടങ്ങൾ ഉൾപ്പെടെ പ്രധാന ബയോ മെഡിക്കൽ വേസ്റ്റുകൾ ഈ കമ്പനികൾക്ക് നല്കിയ ശേഷം ബാക്കി വരുന്ന പ്ളാസ്റ്റിക്ക് ഉൾപ്പെടുന്ന ബയോ മെഡിക്കൽ വേസ്റ്റുകൾ സ്വകാര്യ ഏജൻസികൾക്ക് നല്കുന്നു. പുനരുപയോഗിക്കാൻ പാടില്ലാത്ത ഇത്തരം പ്ളാസ്റ്റിക് വില നല്കിയാണ് ഏജൻസികൾ വാങ്ങുന്നത്. ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ഇത്തരം മാലിന്യവണ്ടികള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.