സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നടന്ന അപകടങ്ങളിലായി ഇന്ന് ആറു പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ പിലാത്തറയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുളപ്പുറം സ്വദേശി ആദിത്താണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. എതിർദിശയിൽ വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
പാലക്കാട് പുതുപ്പരിയാരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പുലർച്ചെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ മലപ്പുറം മക്കരപ്പറമ്പ് സ്വദേശികളായ കണ്ണൻ, റിൻഷാദ് എന്നിവരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ബൈക്ക് പൂർണമായും കത്തിനശിച്ചു.
കോഴിക്കോട് അരയിടത്തുപാലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. ഫറോക്ക് ചുങ്കത്ത് നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും കെഎസ്ആര്‍ടിസി ബസും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറിയും ഓട്ടോയുമാണ് കൂട്ടിയിടിച്ചത്.
കോഴിക്കോട് വടകര സ്റ്റാന്‍റ് ബാങ്ക്സില്‍ അഴിത്തല അഴിമുഖത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. സ്റ്റാന്‍റ് ബാങ്ക്സിലെ കുയ്യന്‍ വീട്ടില്‍ അബൂബക്കര്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു. തിരമാലയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു
കൊല്ലത്ത് വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മൈലാപ്പൂരിലെ ലയാ മിൽക്കിന് സമീപമുണ്ടായ അപകടത്തില്‍ കൂട്ടിക്കട ചക്കാലയിൽ ഷാജഹാന്റെ മകന്‍ പതിനേഴുകാരനായ ഫൈസലാണ് മരിച്ചത്. സഹപാഠികളായ മൂന്നു വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിക്ക് പിന്നിൽ ഇടിച്ചായിരുന്നു അപകടം.
എംസി റോഡില്‍ പന്തളം കുരമ്പാലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കില്‍ ഇടിച്ച് യുവാവ് മരിച്ചു. വെണ്‍മണി സ്വദേശി അര്‍ജുന്‍ വിജയന്‍ (21) ആണ് മരിച്ചത്.
സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വാഹനം അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തിരുവല്ലം പാലത്തിൽ വച്ച് ആണ് അപകടം. ആർക്കും പരുക്കില്ല. നിയന്ത്രണം തെറ്റി എതിരെ വന്ന കാർ എം വി ഗോവിന്ദൻ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു . തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കോവളത്തേക്ക് പോകുമ്പോഴാണ് അപകടം