സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിലെ മല്‍സരങ്ങള്‍ അനിയന്ത്രിതമായി വൈകുന്നത് ഒഴിവാക്കാന്‍ ഇത്തവണ കര്‍ശന നിര്‍ദേശങ്ങള്‍. മല്‍സരത്തിന് പേര് വിളിക്കുമ്പോള്‍ ഹാജരായില്ലെങ്കില്‍ പിന്നീട് അവസരം നല്‍കില്ല. എന്നാല്‍ ഇതിനകം തന്നെ അപ്പീലുകളുടെയെണ്ണം 250 ആയി.
കേരളത്തിലെ കുട്ടിത്താരങ്ങള്‍ കാത്തിരിക്കുന്ന സ്കൂള്‍ കലോല്‍സവത്തിന് ഇനി 14 ദിവസങ്ങള്‍ മാത്രം. ജനുവരി 4ന് രാവിലെ 10ന് തിരുവനന്തപുരത്ത് മല്‍സരങ്ങള്‍ക്ക് കൊടിയേറും. ആഘോഷത്തോടെ മാറ്റുരയ്ക്കുന്ന വിദ്യാര്‍ഥികളുടെ ആവേശം പലപ്പോഴും കെടുത്തുന്നത് മല്‍സരങ്ങള്‍ അനിയന്ത്രിതമായി വൈകുന്നതാണ്. പലപ്പോഴും അര്‍ധരാത്രി പിന്നിട്ടാവും മല്‍സരങ്ങള്‍ തീരുക. ഇതിന് ഇത്തവണ പരിഹാരം കാണണമെന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരുന്ന പ്രധാന പരിഷ്കാരങ്ങളിലൊന്നാണ് തോന്നുമ്പോള്‍ വന്ന് മല്‍സരത്തില്‍ പങ്കെടുക്കുന്ന രീതിയ്ക്ക് തടയിടല്‍.
എല്ലാ ദിവസവും രാവിലെ 10നാണ് മല്‍സരം തുടങ്ങുന്നത്. 9ന് റജിസ്ട്രേഷന്‍. അതിന് ശേഷം ഊഴം അനുസരിച്ച് നമ്പര്‍ വിളിക്കുമ്പോള്‍ മല്‍സരാര്‍ഥിയില്ലങ്കില്‍ പിന്നീട് അവസരം കൊടുക്കില്ല. നേരത്തെ താമസിച്ച് വന്നാലും ഏറ്റവും ഒടുവില്‍ അവസരം കൊടുക്കുമായിരുന്നു. അതാണ് ഇത്തവണ ഉപേക്ഷിക്കുന്നത്. എന്നാല്‍ അപ്പീലുകള്‍ കൂടിയാല്‍ ഈ പരിഷ്കാരംകൊണ്ടും സമയക്രമം പാലിക്കാന്‍ സാധിച്ചെന്ന് വരില്ല. ഇത്തവണയും അപ്പീല്‍ കൂടുമെന്നാണ് സൂചന. ജില്ലകളില്‍ നിന്ന് തന്നെ ഇതിനകം 249 അപ്പീലെത്തി. ഇനി കോടതിയും ബാലാവകാശ കമ്മീഷനുമടക്കം കൂടുതല്‍ അപ്പീല്‍ വന്നാല്‍ ഇപ്പോഴത്തെ സമയക്രമം ആകെ പാളിയേക്കും.