തിരുവനന്തപുരം ചെങ്കലിൽ കഴിഞ്ഞ ദിവസം ഏഴാം ക്ലാസ് വിദ്യാർഥിക്ക് പാമ്പുകടിയേറ്റ സ്കൂളിൻ്റെ അവസ്ഥ പരിതാപകരം. എയിഡഡ് സ്കൂളാണെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കിയിട്ടാണോ സ്കൂൾ പ്രവർത്തിക്കുന്നത് എന്നു പരിശോധിക്കുന്നതിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ ഭാഗത്തും വീഴ്ചയുണ്ടായി. വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റതിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് ക്ലാസ് മുറിയിൽ വെച്ചു പാമ്പുകടിയേറ്റ പന്ത്രണ്ടുകാരി നേഹ സുഖം പ്രാപിച്ചു വരുന്നു.
പാമ്പുകടിയേറ്റ ക്ലാസ് മുറിയിൽ ഇപ്പോഴും പാമ്പിനെ തല്ലിക്കൊന്ന മരക്കഷ്ണങ്ങൾ കാണാം. സ്കൂളിനു ചുറ്റും കാട് എന്നു പറയുന്നതിനേക്കാൾ കാടിനു നടുവിൽ സ്കൂൾ എന്നു പറയുന്നതാകും ശരി.ക്ലാസ് റൂമിനു മുന്നിൽ പോലും പുല്ലു പിടിച്ചു കിടക്കുന്നു. എയിഡഡ് സ്കൂളിൽ വർഷാവർഷം ഉദ്യോഗസ്ഥർ അടിസ്ഥാന സൗകര്യമൊരുക്കിയിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. ചുറ്റും കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിൽ എന്തു റിപ്പോർട്ടാണ് നൽകിയതെന്നുള്ള ചോദ്യത്തിനു സ്കൂളിൽ പരിശോധനയ്ക്കു വന്ന ഡി.ഇ.ഒയും വ്യക്തമായ മറുപടി പറഞ്ഞില്ല.
ഉടൻ റിപ്പോർട്ട് നൽകാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം പാമ്പുകടിയേറ്റ് കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ജനറലാശുപത്രിയിൽ പ്രവേശിപ്പിച്ച നേഹയെ കൂടുതൽ പരിശോധനകൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില തീർത്തും തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു.