ക്രിസ്മസ് പരീക്ഷയുടെ ചോര്‍ത്തിയെന്ന് കരുതുന്ന ചോദ്യപേപ്പര്‍ എം.എസ്. സൊല്യൂഷന്‍ ഉടമ ഷുഹൈബിന്‍റെ ലാപ‍്‌ടോപ്പില്‍ നിന്ന് കണ്ടെത്താനായില്ല. ഫൊറന്‍സിക് പരിശോധനയിലൂടെ ചോദ്യപേപ്പര്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഒളിവില്‍ പോയ ഷുഹൈബിനുവേണ്ടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി
ഇന്നലെ ഷുഹൈബിന്‍റെ വീട്ടിലും എംഎസ് സൊല്യൂഷന്‍സിന്‍റെ ഓഫീസിലും നടത്തിയ പരിശോധനയില്‍ രണ്ട് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്കും ക്രൈംബ്രാഞ്ച് പിടികൂടിയിരുന്നു. ലാപ്ടോപ്പില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ചോര്‍ത്തിയെന്ന് കരുതുന്ന ചോദ്യപേപ്പര്‍ കണ്ടെത്താനായില്ല. ചോദ്യപേപ്പര്‍ ഡീലിറ്റ് ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. പിടികൂടിയ ലാപടോപ്പും ഹാര്‍ഡ് ഡിസ്കും മൊബൈല്‍ ഫോണും ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും.
ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഷുഹൈബ് ഒളിവിലാണ്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഷുഹൈബിന്‍റെ മൊബൈല്‍ ഫോണും സ്വിച്ച് ഓഫാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പത്താം ക്ലാസിന്‍റെ ഇംഗ്ലീഷും പ്ലസ് വണിന്‍റെ കണക്ക് ചോദ്യപേപ്പറുമാണ് എംഎസ് സൊല്യൂഷന്‍സ് ചോര്‍ത്തിയത്.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം അധ്യാപകരിലേയ്ക്കും നീളുകയാണ്. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ കൊടുവള്ളിയിലെ എംഎസ് സൊല്യൂഷന്‍സ് അടക്കമുള്ള യൂട്യൂബ് ചാനലുകളുമായി സഹകരിക്കുന്നുണ്ടെന്ന് കണ്ടെത്തി. എംഎസ് സൊല്യൂഷന്‍സ് അടക്കമുള്ള യൂട്യൂബ് ചാനലുകളുമായി സഹകരിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകരുടെ പട്ടിക തയ്യാറാക്കിയാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണം. ഇവര്‍ വഴിയാകാം ചോദ്യങ്ങള്‍ ചോര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം. ഈ അധ്യാപകര്‍ ജോലി ചെയ്യുന്ന സ്കൂളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
കോഴിക്കോട് ജില്ലയിലെ 3 പ്രധാന എയ്ഡഡ് സ്കൂള്‍ പ്രിന്‍സിപ്പല്‍മാരില്‍ നിന്ന് അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. അതിനിടെ എംഎസ് സൊല്യൂഷന്‍സിന്‍റെ യു ട്യൂബ് വീഡിയോകളുടെ ഉള്ളടക്കത്തില്‍ അശ്ലീല പരാമര്‍ശം ഉണ്ടെന്ന എഐവൈഎഫിന്‍റെ പരാതിയില്‍ കൊടുവള്ളി പൊലിസ് മെറ്റയില്‍ നിന്ന് വിശദീകരണം തേടി. ഫെയ്സ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്ത വീഡിയോയെക്കുറിച്ചുള്ള വിവരങ്ങളാണ് പൊലിസ് ആരാഞ്ഞത്.