കഞ്ചിക്കോട് വൻ മദ്യ നിർമാണ സമുച്ചയം അനുവദിച്ചതിലെ അഴിമതി ആരോപണം നിയമസഭയിൽ ഉയർത്തി പ്രതിപക്ഷം. ചട്ടങ്ങൾ പാലിക്കാതെയും ജല ലഭ്യത പഠിക്കാതെയും മുഖ്യമന്ത്രിക്ക് താൽപര്യമുള്ള കമ്പനിക്ക് അനുമതി നൽകുകയായിരുന്നു എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തെലങ്കാനയിലെ മുൻ സർക്കാരും കേരള സർക്കാരുമായുള്ള ബന്ധമാണ് പദ്ധതിക്ക് വഴി തുറന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ഡല്‍ഹി മദ്യനയ അഴിമതിക്ക് സമാനമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
നന്ദി പ്രമേയ ചർച്ചയിലെ പ്രസംഗത്തിനിടെയാണ് മദ്യ നിർമാണശാലക്ക് അനുമതി നൽകിയതിൽ സർക്കാർ അഴിമതി നടത്തി എന്ന് രമേശ് ചെന്നിത്തല ആരോപിച്ചത്. ഇടത് മുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ മുഖ്യമന്ത്രിക്ക് താൽപര്യമുള്ള കമ്പനിക്ക് അനുമതി നൽകുകയായിരുന്നു.
സർക്കാർ കമ്പനിയുടെ ജവാൻ മദ്യത്തിന്‍റെ നിര്‍മാണത്തിന് പോലും വെള്ളം നൽകാനില്ല. ഒരു ശാസ്ത്രീയ പഠനവും ജല ലഭ്യത്യയെ കുറിച്ച് നടത്തിയിട്ടില്ല. മന്ത്രി കൃഷ്ണൻകുട്ടിക്ക് എന്തു പറയാനുണ്ടെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായുള്ള ബന്ധമാണ് അനുമതിക്ക് വഴിയൊരുക്കിയതെന്ന പുതിയ ആരോപണവും ചെന്നിത്തല ഉയർത്തി.
എക്സൈസ് മന്ത്രി സഭയിൽ ഇല്ലാത്ത ദിവസമാണ് വിഷയം സഭയിൽ ഉയർന്നത്. അഴിമതി ആരോപണം ഉയർന്നപ്പോഴും ഭരണപക്ഷം ബഹളമുണ്ടാക്കാതെ കേട്ടിരുന്നതും ശ്രദ്ധിക്കപ്പെട്ടു.