വന നിയമ ഭേദഗതിയിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാൻ കേരള കോൺഗ്രസ് എം. നാളെ വൈകിട്ട് നാലുമണിക്ക് പാർലമെന്ററി പാർട്ടി നേതാക്കൾ മുഖ്യമന്ത്രിയെ കാണും. വനമേഖലയോട് ചേർന്ന് താമസിക്കുന്നവർക്ക് സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുമെന്നും കേരള കോൺഗ്രസ് എം നേതാക്കൾ അറിയിച്ചു.
തലശ്ശേരി,കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി കോതമംഗലം രൂപതകൾ വനം നിയമഭേദഗതിയിൽ സർക്കാരിനെതിരെ പലപ്പോഴായി രൂക്ഷ വിമർശനം ഉയർത്തിക്കഴിഞ്ഞു. വിഷയത്തിൽ മൗനം തുടരുന്നത് ശരിയാവില്ല എന്ന തിരിച്ചറിവിലാണ് ഭരണകക്ഷിയായ കേരള കോൺഗ്രസ് പത്രക്കുറിപ്പിലൂടെ വനംവകുപ്പിനെതിരെ പ്രതിഷേധം അറിയിച്ചത്. കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതോടെ ചെയർമാൻ ജോസ് കെ മാണിയുടെ വിമർശനം രൂക്ഷമായി.. ഇനിയും മരണം ഉണ്ടായിട്ട് നടപടിയെടുക്കാൻ കാത്തിരുന്നിട്ട് കാര്യമില്ല എന്ന് പരസ്യമായി പ്രതികരിച്ച കേരള കോൺഗ്രസ് നാളെ മുഖ്യമന്ത്രിയെ കാണും.
വൈകിട്ട് നാലുമണിയോടെയാണ് പാർലമെന്ററി പാർട്ടി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കുക. വനം നിയമം ഭേദഗതിയിൽ ആശങ്കയുള്ളവരെ ഉൾപ്പെടുത്തി ചർച്ച നടത്തുക, വനമേഖലയോട് ചേർന്ന് താമസിക്കുന്നവരുടെ സുരക്ഷ പൊലീസിന്റെ കൂടി മേൽനോട്ടത്തിൽ ഉറപ്പാക്കുക, വനപാലകരുടെ അമിതാധികാരം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള കോൺഗ്രസ് എം മുന്നോട്ടുവയ്ക്കുക. 1961 ലെ വനം നിയമം ഭേദഗതി ചെയ്യുന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വാറന്റില്ലാതെ പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനും അനധികൃതമായി തടങ്കലിൽ വയ്ക്കാനുമുള്ള അധികാരം കിട്ടുമോ എന്നാണ് പ്രധാന ആശങ്ക.