കൊച്ചി തമ്മനത്ത് പൊട്ടിയ കുടിവെള്ളപൈപ്പിന്‍റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി ജലവിതരണം പുനസ്ഥാപിച്ചു. പൈപ്പ് പൊട്ടിയതിന് തുടര്‍ന്ന് തകര്‍ന്ന റോഡ് ഗതാഗതയോഗ്യമാക്കാന്‍ സമയമെടുക്കും. പൈപ്പ്പൊട്ടല്‍ തുടര്‍ക്കഥയായതോടെ പഴയപൈപ്പുകള്‍ മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
പത്ത് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തമ്മനം പള്ളിനട ഭാഗത്ത് പൊട്ടിയ ജല അതോറിറ്റി പൈപ്പിന്‍റെ അറ്റകുറ്റപണി പൂര്‍ത്തിയായത്. അഞ്ച് പതിറ്റാണ്ട് മുന്‍പ് സ്ഥാപിച്ച കോണ്‍ക്രീറ്റ് പൈപ്പാണ് ശനിയാഴ്ച വൈകീട്ട് തകര്‍ന്നത്. പ്രദേശമാകെ വെള്ളത്തില്‍ മുങ്ങി. പാലാരിവട്ടം തമ്മനം റോഡ് വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ തകര്‍ന്നു. ഒരു മാസത്തിനിടെ പ്രദേശത്ത് പൈപ്പ് പൊട്ടുന്നത് രണ്ടാംതവണ.
വാഹനങ്ങള്‍ കടന്നുപോകുമ്പോളുണ്ടാകുന്ന മര്‍ദമാണ് റോഡിനടിയിലുള്ള കാലപഴക്കം ചെന്ന പൈപ്പുകള്‍ തുടര്‍ച്ചയായി പൊട്ടാന്‍ കാരണം. ഇത്തവണ വേഗത്തില്‍ തന്നെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാനായതില്‍ ജനങ്ങള്‍ക്കും ആശ്വാസം. കുടിവെള്ളം മുടങ്ങിയ പ്രദേശങ്ങളില്‍ രാവിലെ തന്നെ കുടിവെള്ളമെത്തി. തകര്‍ന്ന് താറുമാറായ റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കോണ്‍ക്രീറ്റ് പൈപ്പുകള്‍ പൂര്‍ണമായും മാറ്റുന്നതുവരെ കൊച്ചി നഗരത്തിലെ പൈപ്പ് പൊട്ടല്‍ പ്രതിഭാസം ഇനിയും തുടരും.