കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ വിതരണക്കാരൻ നൽകുന്ന കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പ്രദേശത്തെ മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കക്കൂസ് മാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേതുടർന്ന് നഗരങ്ങളിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളെ കുറിച്ചും അന്വേഷിക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.
തളിപ്പറമ്പിലെ മഞ്ഞപ്പിത്ത വ്യാപനം തടയാനായി ആരോഗ്യ വകുപ്പും മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുടിവെള്ളത്തിനുള്ളിൽ കക്കൂസ് മാലിന്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതേതുടർന്ന് തളിപ്പറമ്പ് നഗരസഭയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന ജാഫറിന്റെ കുടിവെള്ള വിതരണ ടാങ്കറും വാഹനവും ആരോഗ്യവകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്.
കുറുമാത്തൂർ പഞ്ചായത്തിലെ ഒരു കിണറിൽ നിന്നാണ് ഇവർ വെള്ളം എടുക്കുന്നത്. കിണർ ശുചീകരണത്തിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. തളിപ്പറമ്പിലെ തട്ടുകടകൾ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നഗരസഭാ പരിധിയിൽ സ്വകാര്യ കുടിവെള്ള വിതരണം നിരോധിച്ചിട്ടുണ്ട്. ജില്ലയിൽ വ്യാപകമായി പരിശോധന നടത്താനും ആരോഗ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.