cmrl

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയുടെ എക്സാലോജിക്ക് കമ്പനിക്ക്  സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതിയെന്ന് ആവര്‍ത്തിച്ച് എസ്എഫ്ഐഒ.  കമ്പനിയുടെ സുഗമമായ നടത്തിപ്പിനായാണ് പണം നല്‍കിയതെന്നും എസ്എഫ്ഐഒ ഡല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു.  ‌ അന്വേഷണം നിയമപരമാണെന്ന് ആദായ നികുതി വകുപ്പും അറിയിച്ചു.  സിഎംആര്‍എല്‍ ഹര്‍ജി കോടതി വിധി പറയാന്‍‌ മാറ്റി.

 

കരിമണല്‍ കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയുടെ സുഖമമായ പ്രവര്‍ത്തനത്തിനായാണ് എക്സാലോജിക്കിനുള്‍പ്പെടെ പണം നല്‍കിയതെന്നാണ് അന്വേഷണ ഏജന്‍സിയായ എസ്എഫ്ഐഒയുടെ വാദം.  രാഷ്ര്ടീയ നേതാക്കള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കി.  ഇടപാടുകളിലെ നികുതി കാര്യങ്ങള്‍ ആദായ നികുതി ഇന്‍ററി സെറ്റില്‍മെന്‍റ് ബോര്‍ഡ് തീര്‍പ്പാക്കിയാലും ക്രമക്കേട്  അന്വേഷിക്കാന്‍ എസ്എഫ്ഐഒക്ക് നിയമപരമായി അധികാരമുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.  വാദത്തെ ആദായ നികുതി വകുപ്പിന്‍റെ അഭിഭാഷകനും പിന്തുണച്ചു.  നികുതി രേഖകള്‍ കൈമാറിയത് നിയമപരമായെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.  കക്ഷികളോട് ഒരാഴ്ചയ്ക്കകം വാദങ്ങള്‍ എഴുതി നല്‍കാന്‍ നിര്‍ദേശിച്ചാണ് എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആര്‍എല്‍ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയത്.

സിഎംആര്‍എല്‍ പണം നല്‍കിയവരില്‍ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവരുമുള്ളതായി സംശയമുണ്ടെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ എസ്എഫ്ഐഒ കോടതിയെ അറിയിച്ചിരുന്നു.  എന്നാല്‍ ഇന്ന് ഇത് സംബന്ധിച്ച് എസ്എഫ്ഐഒ ഒന്നും പരാമര്‍ശിച്ചില്ല.  എക്സാലോജിക്കിന് സിഎംആര്‍എല്‍ പണം നല്‍കിയത് പ്രമുഖ രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോയെന്ന് സംശയമുണ്ടെന്നും എസ്എഫ്ഐഒ നേരത്തെ ആരോപിച്ചിരുന്നു.  

ENGLISH SUMMARY:

CMRL petition against SFIO investigation adjourned for verdict