പാലക്കാട് തത്തമംഗലത്ത് സ്കൂളിൽ പുൽക്കൂടും ക്രിസ്മസ് ട്രീയും തകർത്ത നിലയിൽ. ക്രിസ്മസിനായി തത്തമംഗലം ജി.ബി. യു.പി സ്കൂളില്‍ ഒരുക്കിയ രൂപങ്ങളാണ് തകർത്തത്. നക്ഷത്രങ്ങളും നശിപ്പിച്ചു, സ്കൂള്‍ അധികൃതര്‍ ചിറ്റൂർ പൊലീസിൽ പരാതി നൽകി. നീളമുള്ള വടി ഉപയോഗിച്ച് അലങ്കാരങ്ങൾ പുറത്തേക്കെടുത്ത് നശിപ്പിച്ചെന്ന് നിഗമനം. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, പാലക്കാട് നല്ലേപ്പിള്ളി യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വ ഹിന്ദ് പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം തുടരുകയാണ്. ഡിവൈഎഫ്ഐയും, യൂത്ത് കോൺഗ്രസും സൗഹൃദ കാരൾ സംഘടിപ്പിച്ചാണ് അധ്യാപകരോട് ഐക്യദാർഢ്യപ്പെട്ടത്. വർഗീയ നിലപാട് എടുക്കുന്നതിന്‍റെ ദുരന്തം ക്രൈസ്തവ സഭ മനസിലാക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണനും അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് അറസ്റ്റിലായവരെ രക്ഷിക്കാനാണ് ബി.ജെ.പി നേതൃത്വം ശ്രമിച്ചതെന്ന് സന്ദീപ് വാരിയരും പറഞ്ഞു.
സ്കൂൾ കവാടത്തിൽ നിന്നും മാട്ടുമന്തയിലേക്ക് ഡിവൈഎഫ്ഐയും, മാട്ടുമന്തയിൽ നിന്നും സ്കൂളിലേക്ക് യൂത്ത് കോൺഗ്രസും സൗഹൃദ കാരൾ സംഘടിപ്പിച്ചു. ഇരുവശത്തു നിന്നുമെത്തിയ സൗഹൃദ കാരളിൽ മധുരം നൽകി പരസ്പരം സ്നേഹം പങ്കിട്ട് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും.
നല്ലേപ്പിള്ളിയിലെ അധ്യാപകർക്ക് നിരവധിപേരാണ് പിന്തുണ അറിയിച്ചത്. ക്രിസ്മസ് ആഘോഷം തടഞ്ഞത് വർഗീയ സമീപനമെന്ന് ടി.പി. രാമകൃഷ്ണൻ. ബി.ജെ.പി യുടെ ക്രൈസ്തവ സ്നേഹം അഭിനയമെന്നതിന്‍റെ തെളിവെന്ന് സന്ദീപ് വാരിയർ.
ബി.ജെ.പി പ്രവർത്തകർ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരനും പ്രതികരിച്ചു. ആഘോഷങ്ങളിൽ വേർതിരിവില്ലെന്ന സന്ദേശവുമായി ശബരിമല തീർഥാടകരും, വാഹന യാത്രികരും സൗഹൃദ കാരൾ സംഘടിപ്പിച്ചവരിൽ നിന്നും മധുരവും സ്വീകരിച്ച് തുടർ യാത്ര.