പാതി വഴിയിൽ നിലച്ചു പോകുമായിരുന്ന തന്‍റെ പഠനം മുന്നോട്ട് പോകാൻ പ്രചോദനമായ ടീച്ചറെ കാണാൻ പ്രിയ ശിഷ്യനെത്തി. സംസ്ഥാന രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് തനിക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന അധ്യാപിക ജാനകി ടീച്ചറെ കാണാനെത്തിയത്.
പി കെ കുഞ്ഞാലിക്കുട്ടി ഇടക്കിടെ ആവേശപൂർവം ഓർത്തെടുക്കുന്ന പേരാണ് ജാനകി ടീച്ചറുടേത്. വർഷങ്ങൾക്ക് ശേഷം പ്രിയ അധ്യാപികയെ കാണാൻ വീണ്ടും തിരക്കെല്ലാം മാറ്റിവെച്ചു കുഞ്ഞാലിക്കുട്ടിയെത്തി. ജാനകി ടീച്ചറുടെ 84 ആം ജൻമദിനാഘോഷത്തിൽ പങ്കെടുക്കാൻ. സമ്മാനങ്ങളുമായി. അധ്യാപികയെ കണ്ടതോടെ വേങ്ങര ഹൈസ്കൂളിലെ ഒൻപതാം ക്ലാസുകാരനായി പി കെ കുഞ്ഞാലിക്കുട്ടി.
ജാനകി ടീച്ചർ ഇടയ്ക്കിടെ ഓർത്തെടുക്കാറുള്ള പ്രിയ ശിഷ്യനെ നാളുകൾക്കു ശേഷം കണ്ട ടീച്ചർക്കും തൊണ്ടയിടറി. ഇനിയും പ്രിയ അധ്യാപികയെ കാണാൻ ഇടക്കിടെ എത്താമെന്ന് ഉറപ്പു നൽകിയാണ് പി കെ കുഞ്ഞാലിക്കുട്ടി മടങ്ങിയത്.