കോഴിക്കോട്ടെ ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊലൂഷൻസ് സി ഇ ഒ മുഹമ്മദ് ഷുഹൈബിനായി പൊലീസ് ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കും.ഷുഹൈബ് ഒളിവിൽ പോയ സാഹചര്യത്തിലാണ് പൊലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കാൻ ഒരുങ്ങുന്നത്.ചോദ്യ ചെയ്യലിന് ഹാജരാക്കാൻ എം എസ് സൊലൂഷൻസിലെ അധ്യാപകർക്ക് പൊലീസ് നോട്ടീസ് നൽകി
എം എസ് സോലൂഷൻസിലൂടെ ചോദ്യ പേപ്പർ ചോർത്തിയ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിക്കെയാണ് പൊലീസിന്‍റെ പുതിയ നീക്കം. വിദേശത്തേക്ക് അടക്കം ഷുഹൈബ് കടക്കാനുളള സാധ്യത കൂടി പ്രത്യേക അന്വേഷണ സംഘം കാണുന്നുണ്ട്.
എം എസ് സോലൂഷൻസിൽ നിന്ന് പിടികൂടിയ ഉപകരണങ്ങളുടെ ഫോറൻസിക്ക് പരിശോധന ഫലത്തിനു ശേഷമാവും വിദ്യാഭ്യാസ വകുപ്പിലേക്ക് അന്വേഷണം വ്യാപിപിക്കുക. അതിനിടെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് അധ്യാപകനും കോഴിക്കോട് കൊടുവള്ളി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ ഹക്കീം വെണ്ണക്കാട് രംഗത്ത് എത്തി. അന്വേഷണം വേണ്ട രീതിയിൽ മുന്നോട്ടു പോകുന്നില്ല . ആരോപണ വിധേയരായ എം എം എസ് സൊല്യൂഷനിൽ പണം നിക്ഷേപിച്ചവർ അന്വേഷണത്തെ സ്വാധീനിക്കുന്നുണ്ടോ എന്ന് സംശയമുണ്ടെന്നും ഹക്കീം പറയുന്നു.
ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുന്നുവെന്ന് കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി സൂരജും ആരോപിച്ചു. തെളിവുകൾ നശിപ്പിക്കാൻ വേണ്ടിയാണ് ക്രൈംബ്രാഞ്ച് അന്വേഷണം വൈകിപ്പിക്കുന്നത്. സ്വകാര്യ ട്യൂഷൻ സെന്റർ മാഫിയയെ സഹായിക്കുന്ന സർക്കാരിലെ ഉന്നതരാണെന്ന് ഇതിന് പിന്നില്ലെന്ന് വി.ടി സൂരജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.