കോഴിക്കോട്ടെ ചോദ്യപേപ്പർ ചോർച്ച കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെ, വിദ്യാർഥികൾക്ക് പുതിയ വാഗ്ദാനവുമായി വിവാദ യൂട്യൂബ് ചാനലായ എം. എസ്. സൊല്യൂഷൻസ്. പത്താം ക്ലാസിലെ ഉറപ്പായ ചോദ്യങ്ങളും ഉത്തരങ്ങളും നല്‍കാമെന്നാണ് വാഗ്ദാനം. മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ എം. എസ്. സൊല്യൂഷൻസ് ഓഫീസിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുപ്പ് നടത്തി.
199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ എ പ്ലസ്. ഈ തലക്കെട്ടിലാണ് ഷുഹൈബിന്‍റെ ഫോട്ടോ അടക്കമുള്ള എംഎസ് സൊല്യൂഷന്‍സിന്‍റെ പുതിയ പരസ്യം പ്രചരിക്കുന്നത്. പി.ഡി.എഫ് ഫയൽ രൂപത്തിൽ പത്താം ക്ലാസിലെ ചോദ്യങ്ങളും ഉത്തരങ്ങളും നൽകാമെന്ന് പരസ്യത്തിൽ വാഗ്ദാനം ചെയ്യുന്നു. എം. എസ്. സൊല്യൂഷൻസ് ഉടമ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടതിന് പിന്നാലെയാണ് പരസ്യം പുറത്തുവന്നത്. ഷുഹെെബിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടതോടെ കൊടുവള്ളിയിലെ എം.എസ് സൊലൂഷ്യന്‍സ് ഓഫിസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.
അന്വേഷണത്തിന്റെ ഭാഗമായി കുന്നമംഗലത്തെ ബന്ധുവീട്ടിലും ഷുഹൈബിനെ എത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. ഷുഹെെബ് അന്വേഷണത്തോട് പൂര്‌ണമായി സഹകരിക്കുന്നില്ല. കേസിലെ മറ്റൊരു പ്രതിയായ അബ്ദുൽ നാസറിനെ നാളെ മങ്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. അതേസമയം കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച്.