കോഴിക്കോട് ഡിഎംഒ മാരുടെ കസേരകളിക്ക് ഒടുവില്‍ ‘ക്ലൈമാക്സ്’. കസേര പുതിയ ഡിഎംഒ ഡോ.ആശാദേവിക്കെന്ന് ഡി.എച്ച്.എസ്. ആശാദേവിയെ DMO ആക്കാനുള്ള ഉത്തരവ് പാലിക്കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം രണ്ട് ഡിഎംഒമാരെയും അറിയിച്ചു. ഒരുമാസത്തിനകം രണ്ട് ഡിഎംഒമാരുടെയും ഭാഗം കേള്‍ക്കും. 

ഈ മാസം ഒമ്പതിനാണ് ആരോഗ്യവകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയത്. നിലവിലെ കോഴിക്കോട് ഡിഎംഒ ഡോ. എൻ രാജേന്ദ്രന് ഡിഎച്ച്എസില്‍ ഡെപ്യൂട്ടി ഡയറക്ടറായും എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയുമാണ് നിയമിച്ചത്. പത്താം തീയതി ജോലി പ്രവേശിക്കാനായിരുന്നു ആശാദേവിക്ക് നൽകിയ ഉത്തരവ്. എന്നാൽ പത്താം തീയതി തിരുവനന്തപുരത്ത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ കോഴിക്കോട് എത്താൻ കഴിഞ്ഞില്ല. ഈ സമയം ഡോ. രാജേന്ദ്രൻ ട്രിബ്യണലിനെ സമീപിക്കുകയും സ്ഥലംമാറ്റ ഉത്തരവിൽ സ്റ്റേ വാങ്ങുകയും ചെയ്തു. ഇതോടെ ആശാദേവിയും ട്രിബ്യൂണലിനെ സമീപിക്കുകയും സ്റ്റേ നീക്കുകയും ചെയ്തു. 

തുടർന്ന് ഇന്നലെ ഉച്ചയോടെ ആശാദേവി ജോലിയിൽ പ്രവേശിക്കാൻ ഓഫീസിൽ എത്തിയെങ്കിലും മാറിക്കൊടുക്കാൻ രാജേന്ദ്രൻ തയ്യാറായില്ല. ഇതോടെ  ഡിഎംഒ ക്യാബിനിൽ ഏറെ നേരം മുഖാമുഖം നോക്കിയിരിക്കുകയും വാഗ്വാദം ഉണ്ടാവുകയും ചെയ്തു. ഒടുവിൽ ഇന്നലെ ആശാദേവി ഇറങ്ങിപ്പോയി. എന്നാൽ രാജേന്ദ്രൻ വൈകിട്ട് 6.30 ഓടെയാണ് ഓഫീസിൽനിന്ന് ഇറങ്ങിയത്. പിന്നാലെ ഇന്നും ഇരുവരുടേയും കസേര തര്‍ക്കം തുടരുകയായിരുന്നു. ഏറെ ഉത്തരവാദിത്തങ്ങളുള്ള ഒരു കസേരയില്‍ രണ്ട് ഉദ്യോഗസ്ഥര്‍ തമ്മില്‍ രണ്ട് ദിവസങ്ങമായി ശീതയുദ്ധം നടത്തിയപ്പോളും ആരോഗ്യമന്ത്രി മൗനം തുടരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ENGLISH SUMMARY:

The Kozhikode DMO controversy has reached its climax with Dr. Asha Devi appointed as the new DMO. The Health Department has instructed the implementation of the decision, and statements from both DMOs will be heard within a month.