മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ജുഡീഷ്യൽ കമ്മിഷനെ നേരിൽക്കണ്ട് അറിയിച്ച് കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ. കമ്മിഷൻ ഫെബ്രുവരിയിൽ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ അറിയിച്ചു. വഖഫ് ബോർഡ് ഒഴികെയുള്ള കക്ഷികൾ രേഖാമൂലം നിലപാട് അറിയിച്ചതായും കമ്മിഷൻ ചെയർമാൻ വ്യക്തമാക്കി.
ജുഡീഷ്യൽ കമ്മിഷൻ ജനുവരി 4 ന് മുനമ്പം സന്ദർശിക്കാനിരിക്കെയാണ് കോട്ടപ്പുറം രൂപത ബിഷപ്പിൻറെ നേതൃത്വത്തിലുള്ള സംഘം കമ്മിഷൻ ചെയർമാനെ കാക്കാട്ടെ ഓഫീസിലെത്തി കണ്ടത്. ബിഷപ്പ് അംബ്രോസ് പുത്തൻ വീട്ടിലിനൊപ്പം വികാരി ജനറൽ റോക്കി റോബിൻ കളത്തിലും മുനമ്പം ഭൂ സംരക്ഷണ സമിതി നേതാക്കളുമുണ്ടായിരുന്നു. മുനമ്പം നിവാസികളുടെ ആശങ്കകളും ഭൂമിയുടെ റവന്യൂ അവകാശം നൽകുന്നത് അടക്കം ആവശ്യങ്ങളും അറിയിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് വിശദീകരിച്ചു.
ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട കക്ഷികൾക്ക് നിലപാട് അറിയിക്കാൻ കമ്മിഷൻ മൂന്ന് ആഴ്ച്ച അനുവദിച്ചിരുന്നു. ഇതിൽ വഖഫ് ബോർഡ് ഒഴികെയുള്ളവർ രേഖാമൂലം നിലപാട് അറിയിച്ചതായി കമ്മിഷൻ. വഖഫ് ബോർഡ് 10 ദിവസത്തിനകം നിലപാട് അറിയിക്കും. ജനുവരി 4 ന് മുനമ്പം സന്ദർശിക്കുന്ന കമ്മിഷൻ നാട്ടുകാർക്ക് പറയാനുള്ളത് കേൾക്കും. ഫെബ്രുവരിയിൽ റിപ്പോർട്ട് നൽകും. ക്രിസ്മസ് ദിനത്തിലടക്കം മുനമ്പം ഭൂ സംരക്ഷണ സമിതി സമരവുമായി മുന്നോട്ടുപോവുകയാണ്.