TOPICS COVERED

ആരോഗ്യപ്രവര്‍ത്തനങ്ങള്‍ അനശ്ചിതത്വത്തിലാക്കി കോഴിക്കോട് ഡി.എം.ഒ മാരുടെ കസേരകളി തുടരുന്നു. സ്ഥലംമാറ്റ ഉത്തരവിലൂടെ എത്തിയ ഡോ ആശാദേവിയും അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയ ഡോ രാജേന്ദ്രനും ഓഫീസിലെത്തിയതോടെ ആരാണ് യഥാര്‍ഥ ഡിഎംഒ എന്നറിയാതെ ആശയക്കുഴപ്പത്തിലാണ് ജീവനക്കാരും. തുടര്‍ച്ചയായി രണ്ടാം ദിവസവും കസേരകളി തുടര്‍ന്നിട്ടും ആരോഗ്യമന്ത്രി അനങ്ങിയിട്ടില്ല.

ഇന്നലെ കണ്ട അതേ കാഴ്ചകള്‍. ഒര കസേര..രണ്ട് അവകാശികള്‍. ഒരു വശത്ത് നിലവില്‍ ഡി.എം ഒ ആയിരുന്ന ഡോ രാജേന്ദ്രന്‍ മറുവശത്ത് സ്ഥലം മാറ്റ ഉത്തരവിലൂടെ വന്ന ഡോ.ആശാദേവി .ഇക്കഴിഞ്ഞ ഒന്‍പതിനാണ് ഡി.എം ഒമാരെ സ്ഥലം മാറ്റിക്കൊണ്ട് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഇതനുസരിച്ച് കോഴിക്കോട് ഡിഎംഒ ആയിരുന്ന ഡോ രാജേന്ദ്രന്‍ ഡി.എച്ച് എസിലേക്കും എറണാകുളം ഡി എം ഒ ആയിരുന്ന ആശാദേവിക്ക് കോഴിക്കോട്ടേക്കുമാണ് മാറ്റം. എന്നാല്‍ മാറ്റത്തിനെതിരെ രാജേന്ദ്രന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്ന് അനുകൂല വിധി വാങ്ങിയതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. 12 ന് വീണ്ടും  ഓഫീസിലെത്തി രാജേന്ദ്രന്‍ ഡി എം ഒയുടെ ചുമതല ഏറ്റെടുത്തു. ആശാദേവി തിരുവനന്തപുരത്ത് പോയ സമയത്തായിരുന്നു ഇത്. ഓഫീസിന് പുറത്തുവച്ച ബോര്‍ഡിലും രാജേന്ദ്രന്‍റെ പേര് തന്നെയാണുള്ളത്. തിരിച്ചുവന്ന ആശാദേവിയും വിട്ടുകൊടുത്തില്ല. അവരും ഓഫീസിലെത്തി. ഇപ്പോള്‍ രണ്ടുപേരും മുഖത്തോട് മുഖം നോക്കിയിരിക്കുന്നു. ഏറെ ഉത്തരവാദിത്തങ്ങളുള്ള ഒരു കസേരയില്‍  രണ്ട് ഉദ്യോഗസ്ഥര്‍ തമ്മില്‍ ദിവസങ്ങളായി  ശീതയുദ്ധം തുടരുമ്പോഴും ആരോഗ്യമന്ത്രി മൗനം തുടരുന്നതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. രണ്ടുപേരും വിട്ടുവീഴ്ചയ്ക്ക് തയാറാകാഞ്ഞതോടെ ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനം അനശ്ചിതത്വത്തിലാണ്.