പാലക്കാട് പുല്‍ക്കൂട് തകര്‍ത്ത സംഭവം ഒറ്റപ്പെട്ടതായി കാണാനാവില്ലെന്ന് സീറോ മലബാര്‍ സഭ. ആശങ്കപ്പെടുത്തുന്നതാണ് സ്ഥിതി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഫാദര്‍ ആന്‍റണി വടക്കേക്കര പറഞ്ഞു. വടക്കേയിന്ത്യയില്‍ ഇത്തരം സംഭവങ്ങളുണ്ടായപ്പോള്‍ കേരളം വിട്ടുനിന്നു. മതേതരത്വത്തിന് വെല്ലുവിളിയാണ് ഇത്തരം കാര്യങ്ങളെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കി. പാലക്കാട് പുല്‍ക്കൂട് തകര്‍ത്തത് ഉത്തരവാദിത്തമില്ലാത്ത പ്രവര്‍ത്തിയാണെന്ന് ഗവര്‍ണറും പ്രതികരിച്ചിരുന്നു.
പാലക്കാട് തത്തമംഗലം ജിബിയുപി സ്കൂളില്‍ ഒരുക്കിയ പുല്‍ക്കൂടും ക്രിസ്മസ് ട്രീയുമാണ് കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടത്. നക്ഷത്രങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ ചിറ്റൂര്‍ പൊലീസില്‍ പരാതി നല്‍കയിരുന്നു. പാലക്കാട് നല്ലേപ്പള്ളി യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ വിഎച്ച്പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിലും പ്രതിഷേധം ശക്തമാണ്. എന്നാല്‍ ഭീഷണിപ്പെടുത്തിയതല്ലെന്നും സ്കൂളില്‍ മതപരമായ ചടങ്ങുകള്‍ നടത്താന്‍ സാധിക്കുമോ എന്ന് അന്വേഷിച്ചതാണെന്നും വിഎച്ച്പി വിശദീകരിച്ചിരുന്നു.
അതേസമയം, പുൽക്കൂടും ക്രിസ്മസ് അലങ്കാരങ്ങളും തകർത്ത കേസിൽ പൊലീസ് അന്വേഷണം വിപുലമാക്കി. അതിക്രമം നടന്നതായി കരുതുന്ന ശനി, ഞായർ ദിവസങ്ങളിൽ സ്കൂളിന് സമീപം വന്നു പോയവരെക്കുറിച്ചാണ് അന്വേഷണം. നല്ലേപ്പിള്ളി ജി.യു.പി സ്കൂളിൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ ആളുകളുടെ സുഹൃത്തുക്കൾക്ക് തത്തമംഗലത്തെ അതിക്രമത്തിൽ പങ്കുണ്ടോ എന്നതാണ് പ്രധാനമായി പൊലീസ് പരിശോധിക്കുന്നത്. നല്ലേപ്പിള്ളിയിൽ അധ്യാപകരെ ഭീഷണിപ്പെടുത്തിയതിന് റിമാൻഡിലായ മൂന്ന് വിശ്വഹിന്ദ് പരിഷത്ത് പ്രവർത്തകരെ വേണ്ടി വന്നാൽ കസ്റ്റഡിയിൽ വാങ്ങി പൊലീസ് ചോദ്യം ചെയ്യും.