എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സയിലൂടെ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്ക്. 935 ഗ്രാം ഭാരവുമായി പിറന്ന, തൃശൂര്‍ കാഞ്ഞാണി സ്വദേശികളുടെ മകൾക്കാണ് പുതുജീവൻ. 

ടെട്രോളജി ഓഫ് ഫാലോ വിത്ത് പള്‍മണറി അട്രീഷ്യ എന്ന ഗുരുതരമായ ഹൃദ്രോഗവുമായാണ് കുഞ്ഞ് ജനിച്ചത്. ഹ്യദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം കൊണ്ടുപോകുന്ന പള്‍മണറി ആര്‍ട്ടറി കുഞ്ഞിന് ജന്‍മനാ തന്നെ ഇല്ലായിരുന്നു. അതുമൂലം ശരീരത്തിലെ രക്ത ശുദ്ധീകരണത്തിന് തടസം നേരിട്ടതോടെ ആരോഗ്യനില വഷളായി.

അയോര്‍ട്ടയും ശ്വാസകോശവുമായി ബന്ധിപ്പിക്കുന്ന രക്തധമനി സ്റ്റെന്‍റ് ഇട്ട് തുറന്നു കൊടുക്കുക മാത്രമായിരുന്നു പ്രതിവിധി. എന്നാല്‍ ഇത്രയും ഭാരം കുറഞ്ഞ കുഞ്ഞില്‍ ഇതുവരെ ഈ ചികിത്സാരീതി വിജയകരമായി നടത്തിയിട്ടില്ലെന്ന് രേഖകൾ ഉണ്ട്. പ്രോസ്റ്റാഗ്ലാന്‍റിന്‍ എന്ന ഇഞ്ചക്ഷന്‍ നല്‍കി കുഞ്ഞിനെ ചികിത്സിക്കുവാന്‍ ആണ് മെഡിക്കല്‍ സംഘം തീരുമാനിച്ചത്. തുടക്കത്തില്‍ കുഞ്ഞ് ആ ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിച്ചെങ്കിലും പിന്നീട് രക്തത്തില്‍ ഓക്സിജന്‍റെ ആളവ് ക്രമാതീതമായി കുറയുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നതിനായി അത്യന്തം വെല്ലുവിളി നിറഞ്ഞ പി.ഡി.എ. സ്റ്റെന്‍റിംഗ് എന്ന ചികിത്സയുമായി മുന്നോട്ട് പോകുവാന്‍ ഡോക്ടർ നടത്തി തീരുമാനിച്ചു. 

സ്റ്റെന്‍റ് ഇട്ടതിനു ശേഷം വൈകാതെ തന്നെ  രക്തത്തിലെ ഓക്സിജന്‍റെ അളവ് സാധാരണ നിലയിലായി. ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം കുഞ്ഞ് ആരോഗ്യം വീണ്ടെടുത്തു. സംസ്ഥാന സര്‍ക്കാരിന്‍റെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും സൗജന്യമായാണ് ഹൃദ്രോഗ ചികിത്സ നടത്തിയത്. ലിസി ആശുപത്രിയിലെ പീഡിയാട്രിക്ക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എസ്.ആര്‍. അനിലിന്‍റെ നേത്യത്വത്തിലായിരുന്നു ചികിത്സ. ലിസി അശുപത്രിയില്‍ നടന്ന ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്താണ് കുഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിയത്. 

ENGLISH SUMMARY:

A newborn baby miraculously returns to life with heart disease treatment