കോഴിക്കോട് വടകരയിൽ കാരവനുള്ളിൽ മനോജും ജോയലും മരിച്ചത് വിഷവാതകം ശ്വസിച്ചാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. കാർബൺ മോണോക്സൈഡ് ശ്വസിച്ചാകാം ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിനുള്ളിലെ ജനറേറ്ററിൽ നിന്ന് വിഷവാതകം ചോർന്നതായാണ് സംശയിക്കുന്നത്.
മരണ കാരണം കാർബൺ മോണോക്സൈഡ്, അതു എങ്ങനെ കാരവാന്‍റെ ഉള്ളിൽ എത്തിയെന്നതിൽ ഇനിയും അന്വേഷണം ഉണ്ടാവും. ജനറേറ്ററിൽ ഇന്ധനം തീർന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ജനറേറ്റർ സാധാരണ വാഹനത്തിൽ നിന്ന് പുറത്തേക്ക് വലിച്ചു വച്ചാണ് എ സി പ്രവർത്തിപ്പിക്കേണ്ടത്, ഇവിടെ അതു ഉണ്ടായില്ല. ഇന്ധനം ഇല്ലാതെ ജനറേറ്റർ പ്രവർത്തിപ്പിക്കുമ്പോൾ പുറത്തു വരുന്ന കാർബൺ മോണോക്സൈഡ് എസി വഴി വാഹനത്തിന്‍റെ ഉള്ളിലേക്ക് എത്തിയതാവാം മരണ കാരണമെന്നാണ് പ്രധാന സംശയം.
കൂടുതൽ പരിശോധനകൾക്കായി മനോജിന്‍റേയും ജോയലിന്‍റെ ആന്തരികാവയവങ്ങൾ ഫോറൻസിക്ക് പരിശോധനയ്ക്ക് അയച്ചു. ഇതിന്‍റെ പരിശോധന ഫലം കൂടി വരുമ്പോഴായിരിക്കും മരണത്തിന്‍റെ പൂർണ്ണ ചിത്രം തെളിയുകയുള്ളു. തിങ്കളാഴ്ച രാത്രിയാണ് വടകര കരിമ്പനപ്പാലത്ത് കാരവനിൽ ഉള്ളിൽ മനോജിനെയും ജോയലിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.