രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ നിരന്തരം അഭിപ്രായം പറയുന്ന ശൈലിയായിരുന്നില്ല എം.ടിയുടേത്. എന്നാൽ എം.ടി മഹാമൗനം മുറിച്ചപ്പോഴെക്കെ നാം അത്യാദരവോടെ കാതോർത്തു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി, മനുഷ്യസ്നേഹത്തിന്റെയും പ്രകൃതിയോടുള്ള കരുതലിൻറെയും രാഷ്ട്രീയമാണ് എം.ടി പറഞ്ഞത്.
നേതൃപൂജകളിലേക്ക് വഴിമാറിയ അധികാരരാഷ്ട്രീയത്തിൻറെ വിമർശകനായിരുന്നു എം.ടി–അത് ഇടതുപക്ഷമായാലും വലതുപക്ഷമായാലും. എതിർപ്പുകളെ തെല്ലും വകവച്ചില്ല. നോട്ട് നിരോധനം തുഗ്ലക് പരിഷ്ക്കാരമാണെന്ന് തുറന്നടിച്ചതും ആ കൂസലില്ലായ്മയാണ്.
എല്ലാറ്റിലും അഭിപ്രായം പറയേണ്ട ബാധ്യത തനിക്കില്ല എന്ന് എം.ടി കരുതി. പറഞ്ഞേ തീരൂ എന്ന ഉത്തമബോധ്യമുള്ള വിഷയങ്ങളിൽ സംസാരിച്ചു. ബാബറി മസ്ജിദ് , മുത്തങ്ങ–നാടിനെ ഉലച്ച സംഭവങ്ങളിൽ പ്രതികരിക്കുകതന്നെ ചെയ്തു. ചാലിയാർ സമരത്തിലും പെരിങ്ങോം ആണവനിലയവിരുദ്ധ സമരത്തിലും പങ്കെടുത്ത എം.ടി പരിസ്ഥിതി സംരക്ഷണത്തിനായി പോരാടിയവർക്ക് കരുത്ത് പകർന്നു.
എഴുത്തുകാരൻറെ സൂക്ഷ്മരാഷ്ട്രീയത്തെ എം.ടി അടയാളപ്പെടുത്തിയത് ഇങ്ങനെ,
‘അസ്വാസ്ഥ്യങ്ങളുടെയും സംഘർഷങ്ങളുടെയും നടുവിലൂടെ സഞ്ചരിച്ച് നീതിയുടെയും സത്യത്തിൻറെയും മൂല്യങ്ങളിലധിഷ്ഠിതമായ ഒരു മേഖല– ശാന്തിയുടെ ഒരു പീഠഭൂമി ഉണ്ടോ എന്ന് അന്വേഷിക്കാൻ അയാൾ ബാധ്യസ്ഥനാകുന്നു. അതിൻറെ ഭാഗമായി അടിസ്ഥാനപരമായ ചോദ്യങ്ങൾ ഉന്നയിക്കാൻ അയാൾ വെമ്പുന്നു.
തൃപ്തികരമായ ഉത്തരങ്ങൾ അയാൾക്ക് ഒരിക്കലും കിട്ടുന്നില്ല. സമൂഹവും പ്രകൃതിയും ഈശ്വരനും മൗനം പാലിക്കുന്നു.
ചോദ്യങ്ങൾ ശിലാശിഖരങ്ങളിൽ തട്ടി തിരിച്ചുവന്ന് സ്വന്തം ഹൃദയത്തിൽതന്നെ പ്രതിധ്വനി ഉയർത്തുന്നു. എങ്കിലും അയാൾക്ക് ഈ അന്വേഷണം തുടർന്നുകൊണ്ടേയിരിക്കണം. ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം.’