ക്രിസ്മസ് പുലരിയില്‍ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. അവള്‍ക്ക് നല്ലൊരു പേര് ക്ഷണിച്ച് മന്ത്രി വീണാ ജോര്‍ജ് തന്നെ രംഗത്തെത്തി. ഇതോടെ ഈ ക്രിസ്മസ് ദിനം അപൂര്‍വ പേരിടല്‍ ചടങ്ങിന് വേദിയാകുന്ന കാഴ്ചയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍.
പാതിരാകുര്‍ബാനയും തിരുപ്പിറവി ആഘോഷവും കഴിഞ്ഞ് ലോകം ഉറങ്ങുന്ന നേരം. ക്രിസ്മസ് ദിനം പുലരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. തിരുവനന്തപുരത്ത് തൈക്കാടുള്ള ശിശുക്ഷേമ സമിതി മന്ദിരത്തിലെ അലാറം പതിവില്ലാതെ നിര്‍ത്താതെ ശബ്ദിച്ചു. ആയമാര്‍ അമ്മത്തൊട്ടിലിലേക്ക് ഓടി. അവിടെയും ഒരു പിറവിയുടെ കാഴ്ച. പിങ്ക് ഉടുപ്പില്‍ പൊതിഞ്ഞ് മാലാഖ പോലൊരു പെണ്‍കുഞ്ഞ്. ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കൂട്ടത്തിലേക്ക് അവളുടെ എണ്ണവും കുറിച്ചു.
അനാഥര്‍ എന്ന മേല്‍വിലാസം നല്‍കി ഈ വര്‍ഷം അമ്മത്തൊട്ടിലിലെത്തിയ 22 മത്തെ കുഞ്ഞ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്മസ് പുലരിയിലെത്തിയ അതിഥിയെ കൂടുതല്‍ കരുതലോടെ ചേര്‍ത്ത് പിടിക്കുകയാണ്. അവള്‍ക്ക് ഒരു പേര് കണ്ടെത്താന്‍ മന്ത്രി തന്നെ നേരിട്ടെത്തി.
മന്ത്രിയുടെ ഫേസ്ബുക്കിലെ ചോദ്യത്തിന് മറുപടിയായി പേരുകളുടെ കുത്തൊഴുക്കാണ്. പിറവി, ഹെവന്‍, റ്റാലിയ,കരോളിന്‍, ക്രിസ്റ്റീന, നക്ഷത്ര,ഇസബെല്‍, കരുണ, മാനവീയ തുടങ്ങി മിശിക വരെ അങ്ങിനെ അങ്ങിനെ ഒറ്റ മണിക്കൂര്‍ കൊണ്ട് നൂറുകണക്കിന് പേരുകള്‍. ഒരു കുഞ്ഞിന് പേരിടാന്‍ കേരളം ഒത്തുചേരുന്ന അപൂര്‍വ ക്രിസ്മസ് കാഴ്ച. ഇന്ന് വൈകിട്ടോടെ മന്ത്രിയും ശിശുക്ഷേമസമിതി ഭാരവാഹികളും ഒരു പേര് നിശ്ചയിക്കും. ആ പേരിനായി കാത്തിരിക്കാം.