എം.ടിക്ക് മമ്മൂട്ടിയും മമ്മൂട്ടിക്ക് എം.ടിയും ആരാണ്? എഴുത്തുകാരനും അഭിനേതാവും എന്നതിനപ്പുറത്തേക്ക് നീണ്ടുചെന്ന ആത്മബന്ധത്തിന്റെ അടരുകളുണ്ട് അവര്‍ക്കിടയില്‍. ഇരുവരെയും ഒരുമിച്ചുകണ്ട ഫ്രെയിമുകളില്‍ അവരെപ്പോലെ നമ്മള്‍ മലയാളികളും ആനന്ദാതിരേകം പൂണ്ടു.
മഞ്ചേരിയില്‍ വക്കീലായിരിക്കെ പി.ഐ.മുഹമ്മദ് കുട്ടിക്ക് തപാല്‍ വഴിവന്നു എം.ടിയെന്ന മഹാവൃക്ഷത്തിന്റെ ആദ്യ സ്നേഹത്തൊടല്‍. സിനിമയുടെ ദേവലോകത്തേക്കുള്ള വിളി. പിന്നെ പലകുറി സിനിമയായും അല്ലാതെയും ആ വാല്‍സല്യം മമ്മൂട്ടിയുടെ നെറുകയില്‍ വന്നുതൊട്ടു. മമ്മൂട്ടിയെ കണ്ടെത്തിയെന്ന പതിവ് തലക്കെട്ടുകളെ നിമിത്തത്തിന്റെ കള്ളിയിലേക്കിട്ടു എം.ടി.
എം.ടിയുടെ കഥാപാത്രങ്ങളായി സ്വയം സങ്കല്‍പിച്ച്, ആ സംഭാഷണങ്ങള്‍ ഉരുവിട്ടു പഠിച്ച മമ്മൂട്ടിയെ, പില്‍ക്കാലത്ത് ആ കഥാപാത്രങ്ങള്‍ കാത്തുനിന്നു. ആ നടനെ പരുവപ്പെടുത്തിയത് എം.ടിയുടെ നായകരാണെന്നതിന് എമ്പാടും സാക്ഷ്യം. വടക്കന്‍ വീരഗാഥയും കടന്ന് ആ ഇഴയടുപ്പം പടര്‍ന്നു. ആത്മാംശമുള്ള വേഷം എഴുതിത്തീര്‍ന്നപ്പോഴും എം.ടിയുടെ ഉള്ളില്‍ തെളിഞ്ഞത് മമ്മൂട്ടിയുടെ മുഖം.
ആരെന്നോ എന്തെന്നോ തിരിയാത്തൊരു ആത്മബന്ധമെന്ന് മമ്മൂട്ടി അതിനെ പേരിട്ടുവിളിച്ചു. എല്ലാവരോടും അകന്നുനിന്ന എം.ടിയുടെ ആ വേലി പൊളിച്ച് താന്‍ അകത്തുകടന്നെന്നും ഇന്നോളം ഇറക്കിവിട്ടില്ലെന്നും തെല്ല് മേനിപറഞ്ഞു മമ്മൂട്ടി. എം.ടിയുടെ ചാരെ ഹൃദയാദരങ്ങളോടെ നില്‍ക്കുന്ന മമ്മൂട്ടി മലയാളത്തിന് എന്നും നിറകണ്‍കാഴ്ച.
ഒടുവിലായി കണ്ടപ്പോള്‍ മമ്മൂട്ടിയുടെ തോളിലേക്ക് ചാഞ്ഞു എഴുത്തുകാരന്‍. എം.ടിയെ വികാരഭരിതമാക്കിയ ആ ഓര്‍മകള്‍ കൃത്യമായി പറയുന്നു, രണ്ട് മഹാപ്രതിഭകള്‍ക്ക് ഇടയിലെ അടുപ്പത്തിന്റെ ആഴം. ആ കാഴ്ച മലയാളികളുടെയും ഉള്ളില്‍തൊട്ടു. ആശ്ലേഷങ്ങളെല്ലാം വിട്ട് തലമുറകളുടെ എഴുത്തുകാരന്‍ യാത്രയാകുന്നു. അരങ്ങില്‍ നായകന്‍ അനാഥനാകുന്നു.