uralungal-wayanad

മുണ്ടക്കൈ– ചൂരല്‍മല  പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. കിഫ്ബിയുടെ കണ്‍സള്‍ട്ടന്‍സി വിഭാഗമായ കിഫ്കോണിനാവും മേല്‍നോട്ട ചുമതല. അടുത്ത മന്ത്രിസഭാ യോഗം ഇക്കാര്യം പരിഗണിക്കും.  

മുണ്ടകൈ– ചൂരല്‍മല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ടൗണ്‍ഷിപ്പ് വേണമെന്ന അഭിപ്രായമാണ് ചീഫ് സെക്രട്ടറി മുന്നോട്ട് വെച്ചിരിക്കുന്നത്. നിര്‍മാണ മേല്‍നോട്ടവും നിര്‍മാണവും രണ്ട് ഏജന്‍സികളെ ഏല്‍പ്പിക്കുന്നതാണ് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ളത്. സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്ളാന്‍ അനുസരിച്ച് ടൗണ്‍ഷിപ്പിന്‍റെ  നിര്‍മ്മാണം നടത്തണം.   

 

രണ്ട് ടൗണ്‍ഷിപ്പുകളാണ് പണിയാന്‍ ഉദ്ദേശിക്കുന്നത്. 1000 സ്വക്വയര്‍ ഫീറ്റ് വീതം വിസ്തീര്‍ണമുള്ള ഒറ്റ നിലവീടുകളാവും നിര്‍മിക്കുക. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ  കിഫ്കോണിനെ നിര്‍മാണ മേല്‍നോട്ടം ഏൽപ്പിച്ച് നിര്‍മ്മാണ ചുമതല ഊരാളുങ്കലിന് കൈമാറാനാണ് ആലോചന. ഇപ്പോള്‍തന്നെ സര്‍ക്കാരിന്‍റെ വിവിധ പദ്ധതികളുടെ നിര്‍മാണം, നടത്തിപ്പ് എന്നിവ ഊരാളുങ്കലിനാണ്. മികച്ച സേവനം നല്‍കുന്ന ഊരാളുങ്കലിനെ ഏല്‍പ്പിച്ചാല്‍ പരാതിയും ആരോപണവും ഉയരില്ലെന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം. 

അതേസമയം ദേശീയ, രാജ്യാന്തര തലത്തിലെ ഏജന്‍സികളെ പരിഗണിക്കേണ്ടതില്ലേ എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. നൂറു വീടുകള്‍ വാഗാദാനം ചെയ്തിട്ടുള്ളത് കര്‍ണാടക  തെലുങ്കാന സര്‍ക്കാരുകളും പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുമാണ്. അവരുടെ അഭിപ്രാവും കണക്കിലെടുക്കേണ്ടി വരും. ടൗൺഷിപ്പ് നിര്‍മ്മാണത്തിന് കണ്ടെത്തിയ നെടുമ്പാല,  എൽസ്റ്റോൺ എസ്റ്റേറ്റുകളിലെ ഭൂമി തര്‍ക്കത്തിൽ 27ന് ഹൈക്കോടതി വിധി പറയും. അതിന് ശേഷം തുടര്‍നടപടികള്‍ ആരംഭിക്കും. 

ENGLISH SUMMARY:

The Government is considering giving the Uralungal Labor Contract Society the construction of the township for the Mundakai-Churalmala rehabilitation