ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവം വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനു നാളെ വയനാട് മാനന്തവാടി ദ്വാരകയിൽ തുടക്കമാകും. സാഹിത്യ- സിനിമാ, കലാ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംവദിക്കുന്ന മേള കേരളത്തിൽ തന്നെ ആദ്യമാണ്. ഒമ്പത് വേദികളിലായി നാലു ദിവസം നീളുന്ന മേള. വിവിധ മേഖലകളിൽ നിന്നായി 450 ഓളം പ്രമുഖർ. ഇന്ത്യയിലെ തന്നെ ആദ്യ ഗ്രാമീണ സാഹിത്യ ഉത്സവത്തിന് രണ്ടാമതും സാക്ഷിയാവനൊരുങ്ങുകയാണ് മാനന്തവാടി ദ്വാരക.
ബുക്കർ സമ്മാന ജേതാവ് അരുന്ധതി റോയി, കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്തി ചെലമേശ്വർ,ചരിത്രകാരൻ ജോൺ കേ, കരോളിൻ ബക്കി,സിനിമാ പ്രവർത്തകാരായ പ്രകാശ് രാജ് , പാർവതി തിരുവോത്ത്, ബേസിൽ ജോസഫ് തുടങ്ങിയവർ വിവിധ സെഷനുകളിലായി സംവദിക്കും. സാഹിത്യോൽസവത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി
കഴിഞ്ഞ വർഷം മുതലാണ് വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനു തുടക്കമായത്. മലയാളികൾക്ക് പല സാഹിത്യ മേളകൾ പരിചിതമാണെങ്കിലും ഒരു ഗ്രാമീണ മേഖലയിലെ വലിയ സാഹിത്യ മേള അങ്ങനെയായിരിക്കില്ല. കലകളെയും കലാകാരൻമാരെയും പ്രോത്സാഹിപ്പിക്കലും ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷമുള്ള വയനാടിന്റെ ഉയർത്തെഴുന്നേൽപ്പുമാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ, ദ്വാരക എയുപി സ്കൂൾ, കാസ മരിയ എന്നിവിടങ്ങളിലാണ് വേദികൾ. നാളെ തുടങ്ങി 29 ന് സമാപിക്കും..