ചേകാടി എന്ന കാർഷിക പൈതൃക ഗ്രാമത്തിൽ ഇത്തവണ വിത്തിറക്കേണ്ട എന്ന തീരുമാനത്തിലാണ് കർഷകർ.വയൽ നികത്തി നിർമിച്ച കുതിരഫാമിനെതിരെ അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. അതേസമയം കുതിര ഫാമിനെചൊല്ലി രാഷ്ട്രീയ വാദപ്രതിവാദങ്ങൾ തുടരുകയാണ്.
ഒരു നിയമ സാധ്യത ഇല്ലെങ്കിലും എത്രകാലമാണെങ്കിലും പ്രവർത്തിക്കാമെന്നതിന്റെ ഉദാഹരണമാണ് ചേകാടിയിലെ കുതിര ഫാം. 90 ശതമാനവും നെൽകൃഷിയെ ആശ്രയിക്കുന്ന പൈതൃക ഗ്രാമത്തിലാണ് ഒരേക്കർ വയൽ നികത്തി ഫാം നിർമിച്ചത്. തുടക്കം മുതൽ മനോരമ ന്യൂസ് കടുത്ത നിയമലംഘനം പുറത്തു കൊണ്ടുവന്നിട്ടും പ്രദേശത്തെ ആദിവാസികളും കർഷകരും നിരന്തരം പ്രതിഷേധിച്ചിട്ടും നടപടിയുണ്ടായിട്ടില്ല.
നാല് മാസമായി നിയമത്തേയും നാട്ടുകാരെയും വെല്ലുവിളിച്ച് ഫാം പ്രവർത്തിക്കുകയാണ്ഫാമിനെ ചൊല്ലി രാഷ്ട്രീയ വാദപ്രതിവാദങ്ങൾ പൊടിപൊടിക്കുകയാണ്. ഫാമിന് അനുമതി നൽകിയതും നടപടിയെടുക്കാതെ ഒത്താശ ചെയ്തതും പുൽപ്പള്ളി പഞ്ചായത്താണെന്നാണ് മന്ത്രി കേളുവിന്റെ പക്ഷം
കൃത്യമായ ഇടപെട്ടിരുന്നെന്നും നിയമ ലംഘനമെന്ന് ബോധ്യപ്പെട്ടിട്ടും പൊളിച്ചു നീക്കാത്തതിനു പിന്നിൽ ഉന്നതരുണ്ടെന്നുമായിരുന്നു പുൽപ്പള്ളി പഞ്ചായത്തിന്റെ വിശദീകരണം.വിഷയം കൃഷി മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ഒരു നാടിനെയാകെ ഇല്ലാതാക്കുന്ന സ്ഥിതിയാണ് ചേകാടിയിലേതെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു.
നാല് മാസം കാത്തിരുന്നെന്നും ഇനിയും നടപടിയില്ലെങ്കിൽ പ്രദേശത്തെ ആദിവാസികൾ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി ആദിവാസി കോൺഗ്രസ് രംഗത്തെത്തി.
വാദപ്രതിവാദങ്ങൾ തുടരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ ഒരനക്കമുണ്ടാവുന്നില്ല. പ്രതിഷേധത്തെ പോലും അധികൃതർ പരിഗണിക്കാത്തതോടെ ഇത്തവണ കാർഷിക ഗ്രാമമായ ചേകാടിയിൽ കൃഷി ഇറക്കേണ്ടെന്നാണ് കർഷകരുടെ നിലപാട്.