mammoottu-mt-vasudevan-nair-death

TOPICS COVERED

എംടി വാസുദേവന്‍ നായരുടെ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് നടന്‍ മമ്മൂട്ടി. ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ തന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു താനെന്നു തോന്നിയെന്നും അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ല, മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.  എംടി സ്പെഷല്‍ ഇ–പേപ്പര്‍ വായിക്കാം

മമ്മൂട്ടിയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം:

‘ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.’ അദ്ദേഹം കുറിച്ചു. 

എഴുത്തുകാരനും അഭിനേതാവും എന്നതിനപ്പുറത്തേക്ക് നീണ്ടുചെന്ന ആത്മബന്ധത്തിന്റെ അടരുകളുണ്ട് എംടി വാസുദേവന്‍ നായര്‍ക്കും മമ്മൂട്ടിക്കുമിടയില്‍. മഞ്ചേരിയില്‍ വക്കീലായിരിക്കെ പി.ഐ.മുഹമ്മദ് കുട്ടിക്ക് തപാല്‍ വഴിവന്നു എം.ടിയെന്ന മഹാവൃക്ഷത്തിന്റെ ആദ്യ സ്നേഹത്തൊടല്‍. സിനിമയുടെ ദേവലോകത്തേക്കുള്ള വിളി. പിന്നെ പലകുറി സിനിമയായും അല്ലാതെയും ആ വാല്‍സല്യം മമ്മൂട്ടിയുടെ നെറുകയില്‍ വന്നുതൊട്ടു. മമ്മൂട്ടിയെ കണ്ടെത്തിയെന്ന പതിവ് തലക്കെട്ടുകളെ നിമിത്തത്തിന്റെ കള്ളിയിലേക്കിട്ടു എം.ടി. എം.ടിയുടെ കഥാപാത്രങ്ങളായി സ്വയം സങ്കല്‍പിച്ച്, ആ സംഭാഷണങ്ങള്‍ ഉരുവിട്ടു പഠിച്ച മമ്മൂട്ടിയെ, പില്‍ക്കാലത്ത് ആ കഥാപാത്രങ്ങള്‍ കാത്തുനിന്നു. ആ നടനെ പരുവപ്പെടുത്തിയത് എം.ടിയുടെ നായകരാണെന്നതിന് എമ്പാടും സാക്ഷ്യം.

ENGLISH SUMMARY:

Mammootty shared an emotional tribute on Facebook, reflecting on the profound impact M.T. Vasudevan Nair had on his life and career.