mt-vasudevan-nair-wrote-a-lot-about-bharathapuzha

നിളയും എംടിയും, മലയാളിമനസ്സിൽ അതിവേഗം പതിഞ്ഞു പോയ കൂട്ടുകെട്ടാണ്. നിളയോരത്തെ എഴുത്തുകാരനെ ആ പുസ്തകങ്ങളോളം മലയാളി സ്നേഹിച്ചത് നിളയെ എഴുതിയത് കൊണ്ടാണ്. കാലത്തിന്റെ മറുപുറത്തേക്ക് എംടി ഒഴുകുമ്പോൾ നിളയും നമ്മളും സാക്ഷി.

മലയാളിയുടെ പ്രണയവിരഹങ്ങൾക്ക് അടിത്തട്ടൊരുക്കിയ നദിക്ക് പേര് നിളയെന്നാണ്. ആ നിളയില്‍ ജീവിതഗാഥകള്‍  കൊണ്ടൊരു ചാലു കീറി അനേക ഹൃദയങ്ങളിലേക്ക് ഒഴുക്കിയത് നിളയുടെ മകനായ എം.ടിയാണ്. എത്രയോ വട്ടം നിള മലയാളി ജീവിതങ്ങളില്‍ പ്രാണനായി ഒഴുകി. നിളയെ ഉള്ളിലേക്കാവാഹിച്ചാണ് ആ മഹാപുരുഷൻ ജീവിതകാലമത്രയും എഴുതിതീർത്തത്.

ലോകം വായിച്ച  ‘കാലം’ സേതുവിന്റെയും സുമിത്രയുടെയും മാത്രം കഥയല്ല. നിളയോരത്തെ മണലിൽ പതിഞ്ഞ സേതുവിന്റെ കാലടികൾ. നിളയുടെ നവരസങ്ങൾ ‘കാലം’ കാട്ടിത്തന്നു.  ആദ്യം പിറുപിറുത്തൊഴുകി അവസാനം ആർത്തലച്ച് മലവെള്ളപ്പാച്ചിലാവുന്നത് എം.ടി നമ്മുടെ മനസിലാണ് എഴുതിയിട്ടത്. നിളയുടെ മടിത്തട്ടിൽ ഇരുന്ന് സേതു പറഞ്ഞു. നിന്നെ, നിന്നെ എനിക്കിഷ്ടമായിരുന്നു. 

ചിരിക്കാൻ പിശുക്കിയ എം ടി നിളയുടെ നോവറിഞ്ഞ എഴുത്തുകാരനായിരുന്നു. നിളയോട് മിണ്ടിപ്പറഞ്ഞ വൈകുന്നേരങ്ങൾ അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. നിളയുടെ ചൊരുക്കുകള്‍ക്ക്  ചെവി കൊടുത്ത് കൊടുത്ത് അദ്ദേഹം ചിരിക്കാൻ മറന്ന് പോയതാവുമോ?. അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ അടുത്തറിയാവുന്ന നിളയെ ഞാൻ സ്നേഹിക്കുന്നു എന്ന വാക്കിൽ ആ അടുപ്പമുണ്ട്.  

കൂടല്ലൂരുകാരുടെ വാസുവേട്ടൻ കോഴിക്കോട്ട്കാരനായത്തിൽ പിന്നെ വല്ലപ്പോഴുമേ അങ്ങോട്ട് ചെല്ലാറുള്ളു. പക്ഷെ നിളാ തീരത്ത് വാസ്വേട്ടന്റെ കാല് പതിഞ്ഞാൽ നിളയൊന്ന് കുളിർന്നൊഴുകും. പുഴയെ അത്രമേൽ അറിഞ്ഞവനാണ് വാസു. മുറപ്പെണ്ണിൽ ആ ആഴം കാണാം.

പുഴവക്കത്തെ ഏകാന്തത.. പുഴയിലേക്ക് കണ്ണും നട്ടിരിക്കുന്ന ഉള്ളുപിടിഞ്ഞവർ കാണുന്ന കാഴ്ച.. അതേ ചുഴിയും അതിൽ പെടുന്ന പുൽപടർപ്പും, ചെറുമീനിന്റെ നിശ്ചലതയും ബാലൻ കാണുന്നത് എം ടിയിലൂടെയാണ്.   

നിർമാല്യം സിനിമയാക്കിയപ്പോഴും എം ടി നിളാതീരം ചേർത്ത് നിർത്തി. ഉണ്യമ്പൂരിയും അമ്മിണിയും തമ്മിൽ ആദ്യം കാണുന്നതും അവസാനം പിരിയുന്നതും നിള സാക്ഷിയാക്കിയാണ്.  

കുന്തിപ്പുഴയും ഭാരതപുഴയും സംഗമിക്കുന്ന കൂടല്ലൂരിൽ പിറന്നവൻ ആ പുഴയെ, പുഴയോരത്തെ കുറിച് എഴുതിയില്ലെങ്കിൽ അല്ലേ ആശ്ചര്യം.  കൂടല്ലൂരും നിളയും എഴുതിയിട്ടും എഴുതിയിട്ടും തീരാത്ത എം ടി യുടെ മഷിപ്പേനയാണ്. എംടി സാഹിത്യത്തിലെ സേതുവും ഗോവിന്ദൻകുട്ടിയും വേലായുധനും അപ്പുവും നളിനിയേടത്തിയും കുട്ട്യേടത്തിയും അവരുടെ കാലടിപ്പാടുകളും ഈ മണ്ണിൽ പുതഞ്ഞു കിടക്കുന്നു. നമുക്ക് എപ്പോൾ വേണെങ്കിലും ചെന്നുകേറി കാണാം, നിളയുടെ സാന്ത്വനക്കാറ്റേറ്റു മടങ്ങാം.

പക്ഷെ മൃതപ്രയായ നിളയെ കാണുന്ന വിഷാദത്തിൽ നിന്ന് നമുക്കൊരശരീരി കേൾക്കാം തിരിച്ചുതരുമോ നിളയെ, എന്റെ നിളാദേവിയെ.നിളയെ പുണർന്ന എഴുത്തുകാരന്റെ അശരീരി. 

ENGLISH SUMMARY:

MT vasudevan nair wrote a lot about bharathapuzha