മലയാളത്തിന്റെ മഹാസുകൃതം, എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജി. കോഴിക്കോട്ടെ ആശുപത്രിയില്‍ രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. വൈകിട്ട് നാലുവരെ കൊട്ടാരം റോഡിലെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാം. സംസ്ഥാനത്ത് രണ്ടുദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. എംടി സ്പെഷല്‍ ഇ–പേപ്പര്‍ വായിക്കാം
മലയാളത്തിന്റെ ഖ്യാതി ലോകാതിരുകള്‍ കടത്തിയ എഴുത്തുകാരനാണ് തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ വിട പറയുന്നത്. എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു എം.ടി. ആധുനിക മലയാള സാഹിത്യത്തിന്‍റെ പതാകവാഹകനായി വിശേഷിപ്പിക്കപ്പെടുന്ന എം.ടി, ജ്‍ഞാനപീഠം അടക്കം വിശ്വോത്തര പുരസ്കാരങ്ങളെ മലയാളത്തിലെത്തിച്ചു. നാലുകെട്ടും മഞ്ഞും കാലവും രണ്ടാമൂഴവും അസുരവിത്തും ആ എഴുത്തിന്റെ ആഴവും പരപ്പും തെളിഞ്ഞ നോവലുകളാണ്. മലയാളി വായനക്കാരെ അദ്ദേഹം ആസ്വാദ്യതയുടെ പുതിയ വന്‍കരകളിലേക്ക് നയിച്ചു. ആള്‍ക്കൂട്ടത്തില്‍ തനിച്ചാകുന്ന മനുഷ്യരുടെ ജീവിതം പറഞ്ഞ അദ്ദേഹത്തിന്റെ ചെറുകഥകള്‍ ലോകസാഹിത്യത്തില്‍ തന്നെ തലപ്പൊക്കം നേടി.
ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, വാനപ്രസ്ഥം, ഷെർലക്ക്, ഓപ്പോൾ, നിന്റെ ഓർമ്മയ്ക്ക്, പെരുമഴയുടെ പിറ്റേന്ന്, കല്പാന്തം, ശിലാലിഖിതം തുടങ്ങി എണ്ണമറ്റ കഥകള്‍ ആ നിരയില്‍ തിളങ്ങിനില്‍ക്കുന്നു. സിനിമയുടെ ഭാഷയും വ്യാകരണവും മാറ്റിപ്പണിത തിരക്കഥാകൃത്തായി അദ്ദേഹം ജനപ്രിയതയുടെയും ഉയരങ്ങള്‍ തൊട്ടു. എം.ടി കഥാപാത്രങ്ങള്‍ തിരശ്ശീലയില്‍ കാലാതീതമായി സംവദിച്ചു.
എം ടിയുടെ വീട് സ്ഥിതി ചെയ്യുന്ന കൊട്ടാരം റോഡ് അടച്ചു. വൈകിട്ട് വരെ വാഹനങ്ങൾക്ക് പ്രവേശനം ഇല്ല. അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവർ വാഹനങ്ങൾ മറ്റ് ഇടങ്ങളിൽ പാർക്ക് ചെയ്ത ശേഷം വീട്ടിലേക്ക് എത്തണം.