ആലപ്പുഴ ആറാട്ടുപുഴ വലിയഴീക്കൽ തെരുവുനായയുടെ ആക്രമണത്തിൽ മരിച്ച വയോധികയുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. മകന്‍റെ വീട്ടിലെത്തിയ തകഴി അരയന്‍റെ ചിറ സ്വദേശിനി 81 വയസുള്ള കാർത്യായനി ആണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലാണ് പോസ്റ്റ് മോർട്ടം.
ആലപ്പുഴ തകഴി സ്വദേശിനിയായ കാർത്യായനി അഞ്ചു മാസമായി ആറാട്ടുപുഴ വലിയഴിക്കലുള്ള മകൻ പ്രകാശന്‍റെ വീട്ടിലാണ് താമസിക്കുന്നത് ഇന്നലെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് തെരുവുനായ ആക്രമിച്ചത്. ജോലി കഴിഞ്ഞെത്തിയ മകനാണ് തെരുവുനായയുടെ ആക്രമണത്തിൽ മുഖം മുഴുവൻ പരുക്കേറ്റ് കിടക്കുന്ന കാർത്യായനിയെ കണ്ടത്. ഒരു കണ്ണ് ഒഴികെയുള്ള മുഖത്തിന്‍റെ ഭാഗങ്ങൾ നായ കടിച്ചു പറിച്ച നിലയിലായിരുന്നു.
ഗുരുതര പരുക്കേറ്റ കാർത്യായനിയെ ഉടന്‍ കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോയി. താലൂക്ക് ആശുപത്രിയിൽ നിന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. വീടിനു പുറത്തിരിക്കുമ്പോൾ നായയുടെ ആക്രമണം ഉണ്ടായി എന്നാണ് കരുതുന്നത്.