protest

TOPICS COVERED

ക്രിസ്മസ് രാത്രിയിൽ തൃശൂർ പാലയൂർ സെന്‍റ് തോമസ് പള്ളിയിൽ കാരൾ ഗാനം മൈക്കിൽ പാടുന്നത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെതിരെ വിശ്വാസികളുടെ പ്രതിഷേധം. ട്രസ്റ്റി അംഗങ്ങളോട് കർക്കശ നിലപാടെടുത്ത എസ്.ഐ, ജീപ്പിനടുത്തേയ്ക്കു വിളിച്ചു വരുത്തി മൈക്ക് ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയതായി വികാരി ഫാ.ഡേവിസ് കണ്ണമ്പുഴ പറഞ്ഞു.

 

പാലയൂർ സെൻറ് തോമസ് പള്ളി മുറ്റത്ത് കാരൾ ഗാനം പാടാൻ മൈക്കിന് അനുമതിയില്ലെന്നായിരുന്നു ചാവക്കാട് എസ്.ഐ  വിജിത്ത് പള്ളി ട്രസ്റ്റി അംഗങ്ങളോട് പറഞ്ഞത്.. സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പള്ളിയിൽ വരുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസ് നടപടി. മൂന്നു കാരൾ ഗാനം പാടാനായിരുന്നു ക്രമീകരണം.. രാത്രി എട്ടു മണിയ്ക്കു ശേഷമാണ് എസ്.ഐ വന്ന് ഇക്കാര്യം പറഞ്ഞത്. പള്ളി കമ്മിറ്റിക്കാരോട് ഈ നിർദ്ദേശം നൽകുന്നതെല്ലാം ഫോണിൽ റെക്കോർഡ് ചെയ്തു. പക്ഷേ, ഉച്ചഭാഷിണിയും മറ്റും തൂക്കിയെടുത്ത് കൊണ്ടുപോകുമെന്ന ഭാഗം റെക്കോർഡ് ചെയ്തിട്ടുമില്ല. പള്ളി കവാടത്തിൽ ജീപ്പിലിരുന്ന എസ്.ഐ. വികാരിയെ ജീപ്പിൻറെ അടുത്തേയ്ക്കു വിളിപ്പിച്ചു. ഒരുകാരണവശാലും മൈക്ക് ഉപയോഗിക്കാൻ പറ്റില്ലെന്ന് താക്കീത് ചെയ്തു. 

എസ്.ഐ ചെയ്തത് നിയമപരമായി ശരിയാണെന്ന നിലപാടിലാണ് മേലുദ്യോഗസ്ഥർ. മോശമായി  പെരുമാറിയിട്ടില്ലെന്ന് തെളിയിക്കാനുള്ള ഓഡിയോ എസ്.ഐ ഹാജരാക്കുകയും ചെയ്തു. സി.പി.എം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും എസ്.ഐയുടെ നടപടി മോശമായെന്ന് പ്രസ്താവനയും ഇറക്കി. മൈക്കിൻറെ നിയന്ത്രണ നിയമം രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമാണ് ബാധകം. ആരാധനാലയങ്ങളിൽ ഇതിനു തടസമില്ലെന്ന് പള്ളിയിൽ സന്ദർശനം നടത്തിയ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പറഞ്ഞു. എസ്.ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈസ്ത വിശ്വാസികൾ ചാവക്കാട് നഗരത്തിൽ പ്രതിഷേധ റാലി നടത്തി. കോൺഗ്രസ് ഇന്ന് ചാവക്കാട് പൊലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്.ഐ സസ്പെൻഡ് ചെയ്യും വരെ പ്രക്ഷോഭം തുടരനാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം. എസ്.ഐയെ ആകട്ടെ അവധിയിൽ  പ്രവേശിച്ചു. നേരത്തെതന്നെ ശബരിമല ഡ്യൂട്ടിയ്ക്കു നിയോഗിച്ചതിനാൽ ശനിയാള്ച പോകും. 

ENGLISH SUMMARY:

Believers protest against the police officer who stopped the carol song