wayanad-landslide

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്. ഏറ്റെടുക്കുന്ന ഭൂമിക്ക് എസ്റ്റേറ്റ് ഉടമകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

 

മോഡൽ ടൗൺഷിപ് നിർമിക്കാൻ രണ്ട് എസ്റ്റേറ്റുകളിലായി കണ്ടെത്തിയ ഭൂമി സർക്കാരിന് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഹാരിസൺ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമിയും, കൽപറ്റ എൽസ്റ്റോൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയുമാണ് സർക്കാരിന് ഏറ്റെടുക്കാനാവുക. ഭൂമി ഏറ്റെടുക്കാമെന്നും, എന്നാൽ മതിയായ നഷ്ടപരിഹാരം സർക്കാർ ഉറപ്പാക്കണമെന്നും നിർദേശിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് എസ്റ്റേറ്റ് ഉടമകളുടെ ഹർജി തീർപ്പാക്കിയത്. 2013ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസ നിയമത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നഷ്ടപരിഹാരമാണ് എസ്റ്റേറ്റ് ഉടമകൾക്ക് നൽകേണ്ടത്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാകുന്നതിന് മുമ്പുതന്നെ നഷ്ടപരിഹാരം കൊടുത്തു തീര്‍ത്തിരിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപരിഹാരം കുറഞ്ഞെന്ന് തോന്നിയാൽ ഹർജിക്കാർക്ക് നിയമനടപടി സ്വീകരിക്കാം. 

ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർക്കാരിന് എസ്റ്റേറ്റുകൾ സൗകര്യം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. നഷ്ടപരിഹാരത്തിന് അനുസൃതമായ ബോണ്ട് ഹർജിക്കാർ സർക്കാരിന് നൽകണം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് എസ്റ്റേറ്റ് ഉടമകൾക്ക് അനുകൂലമായാൽ ബോണ്ട് തിരിച്ചുനൽകും. അല്ലാത്തപക്ഷം നഷ്ടപരിഹാരത്തുക തിരികെ നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. 

ഇതിനൊപ്പം, എസ്റ്റേറ്റുകളുടെ ഉടമസ്ഥാവകാശം ചോദ്യം ചെയ്തുകൊണ്ടുള്ള സിവിൽ നിയമനടപടികളും ആരംഭിച്ചിരുന്നു. തുടർന്നാണ് എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം ചൂണ്ടിക്കാട്ടിയും ഏറ്റെടുക്കുന്നതിന് എതിരെയും എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ തയാറാണെന്നും തുക ഇതു സംബന്ധിച്ചുള്ള കേസ് നിലനിൽക്കുന്ന കോടതിയിൽ നിക്ഷേപിക്കാൻ തയാറാണെന്നും സർക്കാര്‍ അറിയിച്ചിരുന്നു. ഹൈക്കോടതിയുടേത് വയനാടിന്‍റെ മനസ്സറിഞ്ഞ വിധിയെന്ന് മന്ത്രി കെ.രാജന്‍ പ്രതികരിച്ചു.

ENGLISH SUMMARY:

The High Court has said that the government can acquire land for Wayanad Township