അടിയന്തരമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കുള്ള വഴി തേടുകയാണ് പത്തനംതിട്ട കോന്നി നെടുമൺകാവ് സ്വദേശിയായ ജോജി. മൂന്നു വർഷമായി ചികിൽസയിലാണ്. രോഗം വഷളായതോടെ ജോലിക്കും പോകാൻ കഴിയാതെയായി. പ്ലമ്പിങ് തൊഴിലാളിയായിരുന്നു നാൽപത്തിനാലു വയസുകാരനായ ജോജി. മൂന്നു വർഷം മുൻപാണ് രോഗം കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആയിരുന്നു ആദ്യം ചികിൽസ.
തൊഴിലുടമകൾ കനിഞ്ഞതോടെ കടുത്ത ജോലികൾ ഒഴിവാക്കിക്കൊടുത്തു. രാത്രി ഉറക്കമില്ല,അസഹ്യമായ വേദന.മൂന്നു മാസം മുൻപ് ആരോഗ്യനില കൂടുതൽ വഷളായി.ശബ്ദം നിലച്ചു.ഇതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ചികിൽസ മാറ്റി.അടിയന്തരമായി മജ്ജമാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
എട്ടാംക്ലാസ് വിദ്യാർഥിയായ മകനും യുകെജി വിദ്യാർഥിയായ മകളുമുണ്ട്. ജോജിയുടെ ജോലിയായിരുന്നു കുടുംബത്തിൻറെ ഏക വരുമാനം .ആരോഗ്യം വഷളായതോടെ തീർത്തും ജോലിക്കുപോകാൻ കഴിയാതെയായി. അടിയന്തര ചികിൽസ നൽകിയില്ലെങ്കിൽ കാൻസറിൻറെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തും എന്നാണ് ഡോക്ടർമാരുടെ മുന്നറിയിപ്പ് എന്ന് കുടുംബം പറയുന്നു. സഹോദരൻറെ മജ്ജ പരിശോധനക്കായി നൽകിയിട്ടുണ്ട്. ചികിൽസയ്ക്ക് ഒരു വഴി തെളിയും എന്ന പ്രതീക്ഷയിലാണ് കുടുംബം.