തനിക്കു ലഭിച്ച സസ്പെൻഷൻ മെമ്മോയ്ക്കു മറുപടി നല്‍കാതെ അഞ്ച് ചോദ്യങ്ങളടങ്ങിയ കത്ത് ചീഫ് സെക്രട്ടറിക്ക് അയച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത്. പരാതിക്കാരൻ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ എന്തിനെന്നും സസ്പെൻഷനു മുമ്പ് തന്റെ ഭാഗം കേൾക്കാത്തത് എന്തെന്നും പ്രശാന്ത് കത്തില്‍ ചോദിക്കുന്നു. 

കത്തിലെ അഞ്ചു ചോദ്യങ്ങള്‍

1. പരാതിക്കാരൻ ഇല്ലാതെ സ്വന്തം നിലയ്ക്ക് മെമ്മോ എന്തിന് ?

2. സസ്പെൻഷനു മുമ്പ് തന്റെ ഭാഗം കേൾക്കാത്തത് എന്ത്?

3. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റുകൾ ശേഖരിച്ചത് ആരാണ്?

4. ഏത് അക്കൗണ്ടിൽ നിന്നാണ് എടുത്തത്?

5. വ്യാജമാണോയെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടോ?

അഡീഷനൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത്, തനിക്കുള്ള സസ്പെൻഷൻ മെമ്മോയ്ക്ക് മറുപടി നൽകാതെ പോര് കടുപ്പിക്കുകയാണ്. സസ്പെൻഷന്റെ ഭാഗമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അയച്ച കുറ്റപത്ര മെമ്മോ ഈ മാസം 9നു പ്രശാന്ത് കൈപ്പറ്റിയെങ്കിലും മറുപടി നൽകിയിട്ടില്ല. പകരം, മെമ്മോയിൽ തനിക്കെതിരെ ആരോപിച്ച കുറ്റങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ തേടി ചീഫ് സെക്രട്ടറിക്ക് അദ്ദേഹം നേരത്തെ തന്നെ ഒരു കത്തയച്ചിരുന്നു. വിശദാംശങ്ങൾ ലഭിച്ച ശേഷമേ മെമ്മോയ്ക്കു മറുപടി നൽകൂവെന്നാണു പ്രശാന്തിന്റെ തീരുമാനം. സസ്പെൻഷൻ മെമ്മോ ലഭിച്ച് 30 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ചട്ടം.

Read Also: സുഖിപ്പിച്ച് സംസാരിക്കാനാകില്ല; ശരിയെന്നു തോന്നുന്നത് പറയും: എന്‍ പ്രശാന്ത്


 

ജയതിലക്, ചീഫ് സെക്രട്ടറി അടക്കമുള്ളവർക്കെതിരെ വക്കീൽ നോട്ടിസ് അയച്ചതിനു പുറമേയാണ് സസ്പെൻഷൻ മെമ്മോയുടെ കാര്യത്തിലും അദ്ദേഹം നിലപാട് കടുപ്പിച്ചത്. നവംബർ 8 മുതൽ 11 വരെ ഫെയ്സ്ബുക്കിൽ പ്രശാന്ത് പങ്കുവച്ച കുറിപ്പുകളാണ് അദ്ദേഹത്തിനെതിരായ കുറ്റങ്ങളായി സസ്പെൻഷൻ മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൃഷി വകുപ്പിലെ സ്പെഷൽ സെക്രട്ടറിയെന്ന നിലയിൽ കാംകോ പവർ വീഡറിന്റെ പരസ്യം പങ്കുവച്ച് ഫെയ്സ്ബുക്കിലിട്ട പരാമർശവും ഐഎഎസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണെന്നു മെമ്മോയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതിന്റെ പേരിൽ തന്നെ സസ്പെൻഡ് ചെയ്തത് കടുത്ത അനീതിയാണെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് പ്രശാന്ത്. അതിനെതിരായ പോരാട്ടമെന്ന നിലയിലാണ് ജയതിലകിനെ നേർക്കുനേർ നേരിടാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ. ജയതിലകും സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ കെ.ഗോപാലകൃഷ്ണനും ചേർന്ന് തന്നെ കുടുക്കാൻ വ്യാജ രേഖ തയാറാക്കിയെന്നും അതു ചോദ്യംചെയ്തതിന് സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാനാവില്ലെന്നുമാണു പ്രശാന്തിന്റെ വാദം. സമൂഹമാധ്യമത്തിലൂടെ താൻ നടത്തിയ വിമർശനങ്ങൾ ജയതിലകിനെയും ഗോപാലകൃഷ്ണനെയും വ്യക്തിപരമായി ലക്ഷ്യമിട്ടുള്ളവയാണെന്നും അതു സർക്കാരിനെതിരായ വിമർശനമായി കണക്കാക്കാനാവില്ലെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു.

ഭരണസംവിധാനത്തിൽ ഉദ്യോഗസ്ഥർ വിമർശനത്തിന് അതീതരല്ലെന്ന വാദമുന്നയിച്ച് തന്റെ സസ്പെൻഷൻ ചോദ്യം ചെയ്യാനാണു നീക്കം. ജയതിലകും ഗോപാലകൃഷ്ണനും തന്നോടു പരസ്യമായി മാപ്പു പറയണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടിസയച്ച പ്രശാന്ത്, വരുംദിവസങ്ങളിൽ ഇവർക്കെതിരെ കോടതിയെ സമീപിക്കാനും സാധ്യതയേറെയാണ്.

ENGLISH SUMMARY:

N. Prashanth sent a letter to the Chief Secretary with five questions.