കാസർകോട് പെരിയ കല്യോട്ടെ ഇരട്ട കൊലപാതകത്തിൽ സി.ബി.ഐ കോടതി വിധി പറയുമ്പോൾ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ. കഴിഞ്ഞ ആറു വർഷത്തോളമായി ഈ വിധി ദിനത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് കുടുംബാംഗങ്ങൾ മനോരമ ന്യൂസിനോട് പറഞ്ഞു. സി.പി.എം നേതാക്കളും പ്രവർത്തകരും പ്രതികളായ കേസിൽ കൊച്ചിയിലെ സിബിഐ കോടതിയാണ് നാളെ വിധി പറയുന്നത്.
2019 ഫെബ്രുവരി 17ന് രാത്രിയിലാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും സിപിഎം പ്രവർത്തകർ ക്രൂരമായി വെട്ടിക്കൊന്നത്. കിച്ചുവെന്നും ജോഷി എന്നും വിളിപ്പേരുള്ള കൃപേഷും ശരത് ലാലും ഇല്ലാതായത് ഇന്നും ഉൾക്കൊള്ളാൻ രണ്ടു കുടുംബങ്ങൾക്കും കഴിഞ്ഞിട്ടില്ല. കേരള രാഷ്ട്രീയത്തെ ഞെട്ടിച്ച അരുംകൊലയ്ക്ക് ആറു വർഷം തികയാറാകുമ്പോഴും മനസിലേറ്റ ചോരപ്പാടും മുറിവും ഉണങ്ങിയിട്ടില്ല കുടുംബങ്ങൾക്ക്.
ജീവപര്യത്തിൽ കുറഞ്ഞ ശിക്ഷ സിബിഐ കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല എന്നാണ് കുടുംബങ്ങൾ ഒരേ മനസ്സോടെ പറയുന്നത്. പ്രതികളെ സംരക്ഷിക്കാൻ സർക്കാർ നടത്തിയ വൻ ശ്രമം ഏറെ വേദനിപ്പിച്ചെന്ന് ശരത് ലാലിന്റെ കുടുംബം.
പ്രതികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിനെ അതിജീവിക്കാൻ കൂടിയാണ് ശ്രമിച്ചത്. കോടതിയിൽ പൂർണ വിശ്വാസം. എല്ലാ തെളിവും നിരത്തിയെന്ന് ശരത് ലാലിൻറെ അച്ഛൻ സത്യനാരായണൻ പറയുന്നു. കൊലപാതക രാഷ്ട്രീയത്തിന് എതിരായ ശക്തമായ വിധിയാകും കോടതിയിൽ നിന്നുണ്ടാവുകയെന്ന് ശരത് ലാലിൻറെ സഹോദരി അമൃതയും മനോരമ ന്യൂസിനോട് പറഞ്ഞു. കൊലക്കയർ കിട്ടിയാൽ അത്രയും സന്തോഷം.
കുടുംബത്തിൻറെ ഏക അത്താണിയായിരുന്ന കൃപേഷിന്റെ മരണം വലിയ ആഘാതത്തിലേക്കാണ് കുടുംബത്തെ തള്ളിവിട്ടത്. മകന് പകരമാകാൻ മറ്റൊന്നിനും കഴിയില്ലെങ്കിലും നീതിയുടെ വെളിച്ചമാണ് ഈ കുടുംബവും നാളെ പ്രതീക്ഷിക്കുന്നത്. തൂക്കു കയർ കിട്ടണം. എല്ലാവർക്കും തുല്യ ശിക്ഷ കിട്ടണം. സിബിഐയിലാണ് പ്രതീക്ഷ. ഞങ്ങളുടെ നഷ്ടം നഷ്ടം തന്നെയാണെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു.
സിബിഐ കോടതിയുടെ വിധിപ്രസ്താവം കേൾക്കാൻ രണ്ടുപേരുടെയും അച്ഛന്മാർ നാളെ കോടതിയിലെത്തും. ഉദുമ മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കം 24 പ്രതികളാണ് കേസിലുള്ളത്. സി.പി.എം പെരിയ മുൻ ഏരിയ സെക്രട്ടറി എ.പീതാംബരനാണ് ഒന്നാം പ്രതി.
നിയാസ് റഹ്മാൻ