പെരിയ കേസ് വിധി വിരല്‍ ചൂണ്ടുന്നത് സി.പി.എമ്മിനു നേരെ. ബ്രാഞ്ച് മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് നേതാക്കള്‍ വരെ കുറ്റക്കാരെന്ന് കോടതി വിധിച്ചതോടെ, അക്രമരാഷ്ട്രീയത്തെ തള്ളിപ്പറയുന്ന സി.പി.എം നിലപാടാണ് നിലം പൊത്തിയത്.
യൂത്ത് കോണ്‍ഗ്രസുകാരായ കൃപേഷിനെയും ശരത് ലാലിനെയും നിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ ഒന്നാം പ്രതി എന്‍.പീതാംബരന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. പീതാംബരനെതിരെ കൊലക്കുറ്റമാണ് തെളിഞ്ഞത്. കൊലനടന്ന് മൂന്നാം ദിനം ഗതികെട്ട് പീതാംബരനെ പുറത്താക്കി. എന്നാല്‍ കാസര്‍കോട് മുന്‍ ജില്ലാസെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.എല്‍.എയുമായ കെ.വി.കുഞ്ഞിരാമന്‍, ഉദുമ മുന്‍ ഏരിയ സെക്രട്ടറി കെ.മണികണ്ഠന്‍, പാക്കം മുന്‍ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളി എന്നിവര്‍ക്കെതിരെയും കുറ്റം തെളിഞ്ഞതോടെ സി.പി.എമ്മിന്‍റെ തലയ്ക്കാണ് അടിയേറ്റത്. കുറ്റം തെളിയിക്കപ്പെട്ട മറ്റ് പ്രതികളും സി.പി.എമ്മുകാര്‍ തന്നെ.
കോണ്‍ഗ്രസുകാര്‍ ചൂണ്ടിക്കാണിച്ചവരെ സി.ബി.ഐ പ്രതിയാക്കി എന്ന സി.പി.എം ജില്ലാനേതൃത്വത്തിന്‍റെ വാദം നിലം പതിച്ചു. കേസിന് ശേഷം ഉദുമ അസംബ്ലി സീറ്റും തദ്ദേശ സ്ഥാപനങ്ങളും നിലനിര്‍ത്തിയത് പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ തെറ്റ് എന്നതിന്‍റെ തെളിവായി ഇനി ഉന്നയിക്കാനാവില്ല. ടി.പി കേസ് പോലെ ദീര്‍ഘകാലം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതായി ഇതോടെ പെരിയ ഇരട്ടക്കൊലക്കേസും. പാര്‍ട്ടിയും പാര്‍ട്ടിക്കാരും പ്രതിയല്ലെങ്കില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ പാടുപെട്ടത് എന്തിന്? അതിനായി ഖജനാവില്‍ നിന്ന് നികുതിപ്പണം എടുത്തതെന്തിന്? പ്രതികളെ ന്യായീകരിച്ചതെന്തിന്? അക്രമരാഷ്ട്രീയത്തെ കുറിച്ചുള്ള ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ മുനയിലാണ് ഇപ്പോള്‍ സി.പി.എം. തദ്ദേശ തിരഞ്ഞെടുപ്പിലും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിലും വിശദീകരിച്ചും ന്യായീകരിച്ചും വശം കെടേണ്ടിവരും.