vs-sunilkumar-cpi

TOPICS COVERED

കേക്ക് വിവാദത്തില്‍ വി.എസ്.സുനില്‍കുമാറിനെ തള്ളി സി.പി.ഐ. തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.വല്‍സരാജ്. ബി.ജെ.പി. നേതാക്കള്‍ മേയറുടെ വീട്ടിലെത്തി കേക്ക് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് സി.പി.ഐ. നിലപാട്. സുനില്‍കുമാറിന്‍റേത് വ്യക്തിപരമായ അഭിപ്രായം. പാര്‍ട്ടി നിലപാട് തിരിച്ചറിഞ്ഞ വി.എസ്.സുനില്‍കുമാര്‍ മേയര്‍ക്കെതിരായ പ്രസ്താവന മയപ്പെടുത്തി. പക്ഷേ, സുരേന്ദ്രന്‍റെ വീട്ടില്‍ പോയത് എന്തിനാണെന്ന് സുനില്‍ കുമാര്‍ വ്യക്തമാക്കണമെന്ന് മേയര്‍ ആവശ്യപ്പെട്ടു. 

 

തൃശൂര്‍ മേയര്‍  എം.കെ.വര്‍ഗീസിന് എതിരെ പരസ്യമായി നിലപാടെടുത്ത വി.എസ്.സുനില്‍കുമാര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായി. എല്‍.ഡി.എഫിനൊപ്പം ഉറച്ചുനില്‍ക്കുന്ന മേയറെ പിന്‍തുടര്‍ന്ന് തുടര്‍ച്ചയായി വിമര്‍ശിക്കുന്നത് ശരിയല്ലെന്നാണ് സി.പി.ഐ നിലപാട്. ഇത് തിരിച്ചറിയാന്‍ സുനില്‍കുമാറിന് കഴിയുമെന്നാണ് കെ.കെ.വല്‍സരാജ് പ്രതികരിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് മേയര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച  സുനില്‍കുമാറിനെയല്ല ഇന്ന് അന്തിക്കാട്ടെ വീട്ടില്‍ കണ്ടത്. എല്‍.ഡി.എഫിന്‍റെ മേയറായി എം.കെ.വര്‍ഗീസ് തുടരട്ടെയെന്നാണ് സുനില്‍കുമാര്‍ പ്രതീകരിച്ചത്. സുരേന്ദ്രന്‍റെ വീട്ടില്‍ പോയത് സൗഹൃദമായി കണ്ടാല്‍ മതിയെന്നായിരുന്നു സുനില്‍കുമാറിന്‍റെ വിശദീകരണം.

പക്ഷേ, മേയര്‍ എം.കെ.വര്‍ഗീസ് വിവാദം വിട്ടില്ല. സുരേന്ദ്രന്‍റെ വീട്ടില്‍ സുനില്‍കുമാര്‍ എന്തിന് പോയി? സുരേന്ദ്രന്‍ എന്തിന് സുനില്‍കുമാറിന്‍റെ വീട്ടില്‍ വന്നു? . പാര്‍ട്ടിയോട് ആലോചിക്കാതെ മേയര്‍ക്കെതിരെ പ്രതികരിച്ചതോടെ സുനില്‍കുമാര്‍ സി.പി.ഐയില്‍ ഒറ്റപ്പെട്ട അവസ്ഥയിലായി. സുനില്‍കുമാറുമായുള്ള സൗഹൃദം കെ.സുരേന്ദ്രന്‍ വെളിപ്പെടുത്തിയതോടെ മേയര്‍ക്ക് അത് പിടിവള്ളിയായി. സി.പി.എമ്മും മേയറെ പിന്തുണച്ചതോടെ സുനില്‍കുമാര്‍ വെട്ടിലായിരുന്നു.

ENGLISH SUMMARY:

cpi rejected vs sunilkumar in the cake controversy